തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായത് അടക്കമുള്ള ഗുരുതര പിഴവുകളും പോലീസ് മേധാവി നടത്തിയ കോടികളുടെ അഴിമതിയും ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറിയുടെ വിചിത്ര റിപ്പോര്‍ട്ട്. അഴിമതികള്‍ വെള്ളപൂശിയ റിപ്പോര്‍ട്ട് ഇന്നലെ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേഹ്ത മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ഡിജിപി ലോക്നാഥ് ബെഹ്റ നടത്തിയ ഫണ്ട് വകമാറ്റലുകള്‍ ഉള്‍പ്പെടെയുള്ള പോലീസ് വകുപ്പിനെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നാണ് റിപ്പോര്‍ട്ട്. ഡിജിപിക്ക് ക്ലീന്‍ ചിറ്റും നല്കി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിയാണെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശദീകരിക്കുന്നു.
റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍
1994 മുതല്‍ തോക്കുകളുടെയും വെടിക്കോപ്പുകളുടെയും രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ പോലീസ് ചീഫ് സ്റ്റോറിനും വിവിധ യൂണിറ്റുകള്‍ക്കും പിഴവുണ്ടായി. ഇതാണ് കാണാനില്ല എന്ന പരാമര്‍ശത്തിന് കാരണം.
ആംഡ് ബറ്റാലിയന് ഡിഐജി വെടിക്കോപ്പുകളുടെ കണക്ക് എടുക്കും.രജിസ്റ്ററുകള്‍ കംപ്യൂട്ടറൈസ് ചെയ്യും.ഉണ്ടകള്‍ കാണാതായ സംഭവം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്.ഇന്നോവ, ടൊയോട്ട ക്രിസ്റ്റ, മാരുതി സിയാസ് അടക്കമുള്ള ആഡംബര വാഹനങ്ങള്‍ ഓപ്പറേഷണല്‍ വിഭാഗത്തില്‍ പെട്ടവയാണ്. ഡിജിപി ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ക്രൈംബ്രാഞ്ച് അംഗങ്ങള്‍ക്കും ഇത്തരം വാഹനങ്ങള്‍ ആവശ്യമാണ്. എല്ലാ സ്റ്റേഷനുകളിലും ആവശ്യത്തിന് വാഹനമുണ്ട്. ഇത്തരം വാഹനങ്ങള്‍ വാങ്ങരുതെന്ന സിഎജി നിര്‍ദ്ദേശം പ്രയോഗികമല്ല.
ജിഎപിഎസ് ഉപകരണങ്ങള്‍, വാഹനത്തില്‍ ഘടിപ്പിക്കുന്ന എക്സ്റേ ബാഗേജ് സിസ്റ്റം, വോയിസ് ലോഗ്ഗര്‍ അടക്കമുള്ളവ ഉയര്‍ന്ന തുകയ്ക്കായാലും പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ നിന്ന് വാങ്ങിയതില്‍ പിഴവില്ല. കെല്‍ട്രോണിനെ കുറ്റപ്പെടുത്തുന്നത് നീതിപൂര്‍വമല്ല.
ബുള്ളറ്റ് പ്രൂഫ് വാഹനം ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാത്തത് സുരക്ഷാ പ്രശ്നമുള്ളതിനാല്‍.ഡിജിപി അടക്കമുള്ളവര്‍ക്ക് വസതിയില്ലാത്തതിനാലാണ് വില്ല നിര്‍മ്മിക്കാന്‍ തയാറായത്. അതില്‍ പിഴവില്ല.പാനസോണിക്കിന്റെ ജിപിഎസ് ടാബ്ലറ്റുകള് വാങ്ങിയത് മാര്‍ക്കറ്റിലെ 65 ശതമാനവും പാനസോണിക്കിന്റെ ആയതിനാലാണ്. സിഡാക്കിന്റെയും കെല്‍ട്രോണിന്റെയും പിന്തുണയോടെയാണ് വാങ്ങിയത്. ഇക്കാര്യത്തില്‍ ലോക്നാഥ് ബെഹ്റയുടെ പേരെടുത്ത് പറഞ്ഞത് ശരിയല്ല.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പേ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ആഭ്യന്തര സെക്രട്ടറിയുടെ നടപടിയും സംശയത്തിന്റെ നിഴലിലായി. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യം മുതല്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ആഭ്യന്തര സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടിലുള്ളതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
റിപ്പോര്‍ട്ടിലെ വൈരുധ്യങ്ങള്‍
സിഎജി പരാമര്‍ശം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് ചൊവ്വാഴ്ച രാവിലെ. 24 മണിക്കൂര്‍ തികയും മുന്‍പ് റിപ്പോര്‍ട്ടും നല്കി.സിഎജി റിപ്പോര്‍ട്ട് തയാറാക്കുന്ന ഓരോ ഘട്ടത്തിലും അതത് വകുപ്പ് മേധാവികള്‍ക്ക് വിവരങ്ങള്‍ നല്‍കും. അതിലുള്ള വിശദീകരണങ്ങള്‍ കേള്‍ക്കും. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെയും ഡിജിപിയെയും നിരവധി തവണ നേരില്‍ക്കണ്ടുവെന്ന് സിഎജി റിപ്പോര്‍ട്ടിലുണ്ട്.
സിഎജിയുമായി സംയുക്ത പരിശോധനയില്‍പ്പോലും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും പങ്കെടുത്തു. റിപ്പോര്‍ട്ട് പ്രിന്റ് ചെയ്യുന്നതിന് മുമ്പുള്ള ‘എക്സിറ്റ് മീറ്റിങ്ങി’ലും ഇരുവരും റിപ്പോര്‍ട്ട് അംഗീകരിച്ചു. എന്നിട്ടും ആഭ്യന്തര സെക്രട്ടറി സിഎജിയെ തള്ളിപ്പറയുന്നത് സംശയാസ്പദമാണ്.ആഭ്യന്തര സെക്രട്ടറി നല്‍കിയത് സര്‍ക്കാര്‍ സിഎജിക്ക് നല്കിയ വിശദീകരണങ്ങള്‍ മാത്രം. അവയെല്ലാം സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: