കണ്ണൂര്‍: ”എന്റെ പൊന്നുമോനെ കൊന്നതുപോലെ അവളെയും കടലില്‍ എറിഞ്ഞു കൊല്ലണം സാര്‍… തൂക്കിക്കൊന്നാല്‍ പോലും വിഷമമില്ല”, ഇതു പറയുമ്പോള്‍ വത്സരാജ് അലറിക്കരയുകയായിരുന്നു. ഒന്നര വയസ്സുകാരനായ മകന് വിയാനെ കടല്‍ത്തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയുടെ അച്ഛനാണ് വത്സരാജ്.
ശരണ്യയെ തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. തയ്യില്‍ കൊടുവള്ളി വീട്ടിലേക്ക് ശരണ്യയുമായി പോലീസ് എത്തിയതോടെ വത്സരാജ് പാഞ്ഞടുക്കുകയായിരുന്നു. ബന്ധുക്കള്‍ ചേര്‍ന്ന് വത്സരാജിനെ പിടിച്ചുനിര്‍ത്തി. ”എനിക്കവളെ അവളെ കാണേണ്ട.. പിടിച്ച് ജയിലില്‍ കൊണ്ടിടണം”, അമ്മ റീന അലറിക്കരഞ്ഞു പറഞ്ഞു. വത്സരാജിനും റീനയ്ക്കും ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു വിയാന്‍.
തെളിവെടുപ്പിനായി ശരണ്യയെ എത്തിക്കുമെന്നറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ചപ്പോള്‍ ജനരോഷം നിയന്ത്രണാതീതമായി. ഒരു ഘട്ടത്തില്‍ സ്ഥിതിഗതി കൈവിട്ട് പോകുന്ന സാഹചര്യം പോലുമുണ്ടായി. തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ വൈകിട്ട് നാല് മണിയോടെ വീണ്ടും കടല്‍ത്തീരത്തെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
മാതാപിതാക്കളോടൊപ്പം ഉറങ്ങിയ വിയാനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശരണ്യയെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: