തിരൂര്‍: ഒന്‍പത് വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മലപ്പുറം തിരൂരിലാണ് നാടിനെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന സംഭവം. തറമ്മല്‍ റഫീഖ്-സബ്ദ ദമ്പതികളുടെ മക്കളാണ് മരിച്ചത്.
തൊണ്ണൂറ്റിമൂന്ന് ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞ് ഇന്നലെ രാവിലെയാണ് മരിച്ചത്. മരണശേഷം രാവിലെ പത്തിന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ സംസ്കരിച്ചു. സംശയം തോന്നിയ അടുത്ത വീട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്നലെ തന്നെ കോരങ്ങത്ത് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സംശയിക്കുന്നതെന്നും മരിച്ച കുട്ടികളുടെ ബന്ധുക്കളെയടക്കം വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും മലപ്പുറം എസ്പിയു. അബ്ദുള്‍ കരീം പറഞ്ഞു.
2010ല്‍ ആയിരുന്നു റഫീക്കിന്റെയും സബ്നയുടെയും വിവാഹം. 2011 മുതല്‍ 2020 വരെ ഇവര്‍ക്ക് ആറു കുട്ടികള്‍ ജനിച്ചു. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമായിരുന്നു. ഇതില്‍ അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ്. നാലര വയസ്സിലാണ് ഒരു പെണ്‍കുട്ടി മരിച്ചത്. അപസ്മാരമാണ് കുട്ടികള്‍ മരിച്ചതിന് കാരണമെന്നാണ് അച്ഛനമ്മമാരുടെ വിശദീകരണം. ഇതുവരെ അയല്‍വാസികള്‍ക്ക് കുട്ടികളുടെ മരണത്തില്‍ സംശയം തോന്നിയിരുന്നില്ല. ഇന്നലെ ആറാമത്തെ കുട്ടി മരിച്ചതിന് തൊട്ടുപിന്നാലെ വളരെ വേഗത്തില്‍ മൃതദേഹം സംസ്കരിക്കാന്‍ ശ്രമിച്ചതോടെയാണ് സംശയം തോന്നിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: