ഹരിപ്പാട്: നാഗദൈവങ്ങളുടെ മാതൃസ്ഥാനീയയായ മണ്ണാറശ്ശാല വലിയമ്മ ഉമാദേവീ അന്തര്‍ജനത്തിന് നവതിയുടെ നിറവില്‍ അഭിഷേകം. തിരുവാഭരണം ചാര്‍ത്തി നില്ക്കുന്ന നാഗരാജാവിനെയും സര്പ്പയക്ഷിയമ്മയെയും ദര്‍ശിക്കാനും, നവതിയിലെത്തിയ വലിയമ്മയുടെ അനുഗ്രഹം തേടാനും ഇന്നലെ ജനസഹസ്രങ്ങളാണ് മണ്ണാറശ്ശാലയിലേക്ക് ഒഴുകിയെത്തിയത്. എല്ലാവരും പിറന്നാള്‍ സദ്യയും കഴിച്ചാണ് മടങ്ങിയത്.
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഇല്ലത്ത് വിശേഷാല്‍ പൂജകള്‍ തുടങ്ങി. ഇല്ലത്തെ നിലവറയ്ക്ക് മുന്പിലെ തളത്തില്‍ പടിഞ്ഞാറെ പുല്ലാംവഴി ദേവന്‍കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജകള്‍ നടത്തി അമ്മയെ അഭിഷേകം ചെയ്തു. പൂജകള്‍ക്ക് ശേഷം ഇല്ലത്തെ നിലവറയ്ക്ക് സമീപം ഭക്തര്‍ക്ക് ദര്‍ശനം നല്കി.
വലിയമ്മയ്ക്ക് കാണിക്കയായി ഭക്തര്‍ പഴങ്ങളും, പുതുവസ്ത്രങ്ങളും സമര്‍പ്പിച്ചു. രാവിലെ 10ന് പിറന്നാള്‍ സദ്യ തുടങ്ങിയിരുന്നു.ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് പ്രത്യേകം ഒരുക്കിയ പന്തലിലായിരുന്നു സദ്യ. ഇല്ലത്തിന് വടക്ക് ഭാഗത്തുള്ള സദ്യാലയത്തിലും ഭക്ഷണം ഒരുക്കിയിരുന്നു. വലിയമ്മയുടെ നവതി ആഘോഷത്തിന് തലേ ദിവസം തന്നെ ബന്ധുക്കളെല്ലാമെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: