തിരുവനന്തപുരം: കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായ എം.എസ്. മണി (79) അന്തരിച്ചു. കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്കാരം കുമാരപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ നടന്നു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പത്രാധിപര്‍ പത്മഭൂഷണ്‍ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മൂത്തമകനായ മണി 1961ല്‍ കേരള കൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. നാലു വര്‍ഷം ദല്‍ഹിയില്‍ ലേഖകനായ ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തി കേരള കൗമുദിയുടെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ചുമതലയേറ്റെടുത്തു.
1975ല്‍ അദ്ദേഹം കലാകൗമുദി വാരികയ്ക്ക് തുടക്കമിട്ടു. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി അംഗമായും നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള് ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് അംഗമായിരുന്നു. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേസരി അവാര്‍ഡും അംബേദ്കര്‍ അവാര്‍ഡും നേടി. മക്കള്‍: വത്സ മണി (കേരള കൗമുദി പത്രാധിപ സമിതിയംഗം), സുകുമാരന്‍ മണി (മാനജിങ് എഡിറ്റര്‍, കലാകൗമുദി). കേരള കൗമുദി മുന്‍ റസിഡന്റ് എഡിറ്റര്‍ എസ്. ഭാസുര ചന്ദ്രന് മരുമകനാണ്. കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി സഹോദരപുത്രനാണ്.
മുഖ്യമന്ത്രി പിണറായി വിജയന്, എ.കെ. ആന്റണി, ഒ. രാജഗോപാല്‍ എംഎല്‍എ, ഉമ്മന്‍ചാണ്ടി, കാനം രാജേന്ദ്രന്, രമേശ് ചെന്നിത്തല, ആര്‍ച്ച് ബിഷപ്പ് സൂസാപാക്യം മന്ത്രിമാര്‍, സാംസ്കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: