കോഴിക്കോട്: കേരള പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തെക്കുറിച്ച് സമഗ്രമായ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധരറാവു ആവശ്യപ്പെട്ടു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോക്കുകളും വെടിയുണ്ടകളും നഷ്ടമായത് അഴിമതി എന്നതിലുപരി ആഭ്യന്തര സുരക്ഷയെകൂടി ബാധിക്കുന്ന പ്രശ്നമാണ്. തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പര്‍സെല്ലുകള്‍ സജീവമാണെന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് സിബിഐ-എന്‍ഐഎ തല അന്വേഷണം വേണം. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് കലാപം നടത്തുന്ന സിപിഎമ്മും കോണ്‍ഗ്രസും പാക്കിസ്ഥാന് നിലപാടിന് ശക്തിപകരുകയാണ്.
ഇന്ത്യയിലെ ഒരു പൗരനെയും ബാധിക്കാത്ത പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്തിനാണ് സമരം ചെയ്യുന്നതെന്ന് വ്യക്തമാക്കണം. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും മുസ്ലീങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഭീകരവാദത്തിന്റെ പേരില്‍ ആഗോള രംഗത്ത് ഒറ്റപ്പെട്ടുപോയ പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാടാണ് ഇന്ത്യയിലെ പ്രതിപക്ഷത്തിന്റേത്. കശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് വേണ്ടിയോ പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയോ ശബ്ദമുയര്ത്താത്തവരാണ് ഇന്ത്യയിലെ ഒരു മുസ്ലീമിനെയും ബാധിക്കാത്ത സിഎഎക്കെതിരെ തെരുവിലിറങ്ങിയിരിക്കുന്നത്. ഗാന്ധിജിയുടെ വാഗ്ദാനം പാലിക്കുകയാണ് മോദി സര്‍ക്കാര്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളില്‍ എവിടെയാണ് മതവിവേചനമുള്ളതെന്ന് പ്രതിപക്ഷം വ്യക്തമാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്. മുസ്ലിംലീഗിന്റെ ദ്വിരാഷ്ട്ര വാദത്തെ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇന്ന് വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാക് അനുകൂല നിലപാടെടുക്കുകയാണ്, അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം സിഎഎക്കെതിരല്ലെന്നും സിഎഎ അവിടെ തെരഞ്ഞെടുപ്പ് വിഷയമായിരുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. ബിജെപി സംസ്ഥാന ഭാരവാഹികളെ പുതിയ പ്രഡിഡന്റ് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ്പ്രസിഡന്റ് ചേറ്റൂര്‍ ബാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്, മുന്‍ ജില്ലാ പ്രസിഡന്റുമാരായ ടി.പി. ജയചന്ദ്രന്, പി. രഘുനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.കെ. സജീവന് നയിച്ച ഏകതായാത്രയുടെ സമാപനസമ്മേളനം മുതലക്കുളത്ത് പി. മുരളീധരറാവു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: