ഈരാറ്റുപേട്ട: വാഗമണ്ണില്‍ അജ്ഞാത സംഘം എത്തിയതില്‍ ദുരൂഹത. ഡിസംബര്‍ 17ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഏഴ് അംഗ അജ്ഞാത സംഘത്തെ ഇവിടെ കണ്ടത്. വാഗമണ്ണില്‍ പതിമൂന്ന് വര്‍ഷം മുമ്പ് സിമി ക്യാമ്പ് നടന്ന സ്ഥലത്തിനു സമീപത്താണ് സംഘത്തെ കണ്ടതും.
കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ടൊയോട്ട എറ്റിയോസ് കാറിലെത്തിയ സംഘത്തെ കണ്ട നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോള്‍ തങ്ങള്‍പാറ പള്ളിയില്‍ എത്തിയതാണെന്നും കാര്‍ കേടായതുകൊണ്ട് നിന്നതാണെന്നുമാണ് പറഞ്ഞത്.
സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ അറിയിച്ചെങ്കിലും അവര്‍ എത്തിയപ്പോഴേക്കും കടന്നു കളഞ്ഞു. കാറിന്റെ നമ്പര്‍ കര്‍ണാടക രജിസ്‌ട്രേഷന്‍ ഉള്ള ലോറിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പള്ളിയില്‍ ഇങ്ങനെ ഒരു സംഘം എത്തിയിരുന്നില്ലെന്ന് പള്ളി അധികൃതരും അറിയിച്ചു.
മുന്‍പ് സിമി ക്യാമ്പില്‍ പങ്കെടുത്തവരെ സഹായിച്ച സമീപവാസികളെ ബന്ധപ്പെടാന്‍ എത്തിയവര്‍ ആണോ ഇവരെന്നാണ് നാട്ടുകാരുടെ സംശയം. പ്രാധമിക അന്വേഷണം തുടങ്ങിയതായി വാഗമണ്‍ പോലീസ് അറിയിച്ചു.
മുമ്പ് സിമി ക്യാമ്പ് നടന്നപ്പോഴും പോലീസ് നിഷേധിച്ചിരുന്നു. സിമി ഭീകരര്‍ എത്തിയെന്നും ബോംബ് നിര്‍മ്മാണം, ആയുധങ്ങളുടെ ഉപയോഗം എന്നിവ അടക്കമുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കിയെന്നും പിന്നീട് തെളിയുകയായിരുന്നു. കശ്മീരില്‍ പിടിച്ച ഭീകരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2007 ഡിസംബര്‍ 10 മുതല്‍ 22 വരെയാണ് സിമി ക്യാമ്പ് വാഗമണ്ണില്‍ നടന്നത്. ഈ കേസില്‍ 18 പേരെ എന്‍ഐഎ കോടതി ശിക്ഷിച്ചു.
















