ശാസ്താംകോട്ട (കൊല്ലം): കുമ്മനത്തിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് കവി ഇഞ്ചക്കാട് ബാലചന്ദ്രന് നേരേ സൈബര്‍ ആള്‍ക്കൂട്ട ആക്രമണം. സിപിഎം, എസ്ഡിപിഐ സംഘമാണ് കവിക്കെതിരെ രംഗത്തുവന്നത്. കഴിഞ്ഞ ദിവസം ‘പെരുമാറ്റം കൊണ്ട് മനസ്സ് കീഴടക്കി’ എന്ന അടിക്കുറിപ്പോടെ ഇഞ്ചക്കാട് ബാലചന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെയാണ് തരംതാണ പദപ്രയോഗങ്ങളുമായി കവിയെ താറടിക്കുന്നത്.
ബ്രൂട്ടസ്, ഒറ്റുകാരന്‍ തുടങ്ങിയ വിശേഷണങ്ങളാണ് കവിക്ക് ഇക്കൂട്ടര്‍ ചാര്‍ത്തി നല്‍കുന്നത്. ചിലരിട്ടിരിക്കുന്ന പോസ്റ്റ് കണ്ടാല്‍ അദ്ദേഹം ഏതോ കടുത്ത അപരാധം കാട്ടിയതായി തോന്നും. ഒടുവില്‍ സഹികെട്ട് കവി ബാലചന്ദ്രനും രംഗത്തുവന്നു. സിപിഎം ശൂരനാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തു. അന്നുണ്ടാകാത്ത അസഹിഷ്ണുത ഇപ്പോള്‍ കാട്ടുന്നതെന്തുകൊണ്ടെന്നും ബാലചന്ദ്രന്‍ ചോദിക്കുന്നു.
‘ഇനി വരുന്നൊരു തലമുറയ്‌ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന കവിതയിലൂടെയാണ് ബാലചന്ദ്രന്‍ ശ്രദ്ധേയനായത്. രാഷ്‌ട്രീയത്തിനതീതമായി എല്ലാവരുമായി വ്യക്തി ബന്ധം സൂക്ഷിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ് അദ്ദേഹം. ഇടത്, വലത് സംഘടനകള്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക വേദികളിലും അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍, അന്നൊന്നുമില്ലാത്ത അസഹിഷ്ണുതയാണ് കുമ്മനത്തോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടാകുന്നത്.
ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി കുമ്മനത്തിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട തടാകതീരത്ത് സംഘടിപ്പിച്ച ജല സ്വരാജ് പരിപാടി മുതല്‍ അദ്ദേഹവുമായി വ്യക്തിബന്ധം സൂക്ഷിക്കുന്നയാളാണ് ബാലചന്ദ്രന്‍. പരിപാടിയുടെ തീം സോങ് തയാറാക്കിയതും ഇദ്ദേഹമാണ്.
















