ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗൃഹസമ്പര്‍ക്ക പരിപാടിക്ക് എത്തിയപ്പോള്‍ ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ച മലയാളി യുവതികളെ ഫ്ളാറ്റുടമകള്‍ ഇറക്കി വിട്ടു. തങ്ങളുടെ വീടുകളിലേക്ക് എത്തിയ ആഭ്യന്തരമന്ത്രിയെ ഗോ ബാക്ക് വിളിച്ച ഇവര്‍ക്കെതിരെ ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മലയാളി യുവതി അടക്കം രണ്ട് സ്ത്രീകളോട് എത്രയും വേഗം ഫ്ളാറ്റ് ഒഴിയാന്‍ ഉടമകള്‍ ആവശ്യപ്പെട്ടത്. ഇന്ന് തന്നെ ഫ്ളാറ്റൊഴിയണമെന്നാണ് യുവതികളോട് ഫ്ളാറ്റുടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സൂര്യ, ഹര്‍മിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ഇതില്‍ മുദ്രാവാക്യം വിളിച്ച സൂര്യ മലയാളിയാണ്. ബിരുദവിദ്യാര്‍ത്ഥിനിയും, അഭിഭാഷകയുമാണ് ഇവര്‍ രണ്ടുപേരും. യുവതികള്‍ക്കെതിരെ പ്രാദേശികമായി വലിയ എതിര്‍പ്പാണ് ഉള്ളത്. വീട്ടിലേക്ക് എത്തിയ ആഭ്യന്തരമന്ത്രികൂടിയായ അതിഥിയെ അപമാനിച്ചതില്‍ ഫ്ളാറ്റില്‍ താമസിച്ചവരും രോഷാകുലരാണ്. ദില്ലിയിലെ ലാജ്പത് നഗറില്‍ നിന്ന് ഉടന്‍ പോകണമെന്നാണ് ഫ്ളാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ളാറ്റില്‍ നിന്ന് യുവതികള്‍ ‘ഗോ ബാക്ക്’ വിളിച്ചതിനെ കൈവീശിയാണ് അമിത് ഷാ സ്വീകരിച്ചത്.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ, മുന്‍ അധ്യക്ഷന്മാരായ രാജ്നാഥ്സിങ്, നിതിന്‍ ഗഡ്ക്കരി തുടങ്ങിയവരെല്ലാം ഇന്ന് മുതല്‍ വീടുകള്‍ കയറിയുള്ള സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായിട്ടുണ്ട്. രാജ്യത്തെ മൂന്നുകോടി വീടുകളിലാണ് ബിജെപി പ്രവര്‍ത്തകര്‍ സമ്പര്‍ക്കം ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നവര്‍ക്ക് 8866288662 എന്ന ടോള്‍ ഫ്രീ നമ്പറില്‍ മിസ്ഡ് കോള്‍ അടിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കാം.
രാജ്യവ്യാപകമായി നടക്കുന്ന സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി അഞ്ച് സമിതികള്‍ രൂപീകരിച്ചാണ് ബിജെപി ദേശവ്യാപകമായി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. സമ്പര്ക്കസമിതിക്കായി അവിനാശ് റായ് ഖന്നയുടെ നേതൃത്വത്തിലുള്ള സമിതി പ്രവര്‍ത്തിക്കും. ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാറും ദേശീയ സെക്രട്ടറി സത്യകുമാറും സംവാദ സമിതിയുടെ ചുമതലക്കാരായുണ്ട്. എല്ലാ ജില്ലകളിലും പത്രസമ്മേളനം, റാലികള്‍, ബുദ്ധിജീവി സമ്മേളനങ്ങള്‍ എന്നിവയാണ് തയാറാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും മൂന്നു, നാല് വലിയ റാലികളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: