മൂന്നാം അദ്ധ്യായം നാലാം പാദം
വിധുരാധികരണം
ഇതില്‍ 4 സൂത്രങ്ങളുണ്ട്.
സൂത്രം- അന്തരാ ചാപി തു തദ്ദൃഷ്ടേഃ
ആശ്രമ കര്‍മ്മങ്ങള്‍ പൂര്‍ണമായി അനുഷ്ഠിക്കാത്തവര്‍ക്കും വിദ്യയില്‍ അധികാരമുണ്ട്. അങ്ങനെ ശ്രുതിയില്‍ പറയുന്നുണ്ട്.
ഭാര്യയില്ലാത്തതിനാലും മറ്റ് വസ്തുക്കള്‍ ഇല്ലാത്തതിനാലും ഗൃഹസ്ഥ, വാനപ്രസ്ഥ ധര്‍മ്മങ്ങള്‍ പാലിക്കാര്‍ കഴിയാത്തവരാണ് വിധുരന്‍മാര്‍. അവര്‍ക്ക് ആത്മസാക്ഷാത്കാരത്തിന് അധികാരമില്ലെന്ന് പറയുന്നത് ശരിയല്ല. രൈക്വന്‍, വാചക്‌നവി തുടങ്ങിയവരുടെ ഉദാഹരണം കൊണ്ട് അതിനെ ശ്രുതി വ്യക്തമാക്കുന്നുണ്ട്.
സൂത്രം – അപി ച സ്മര്യതേ
മാത്രമല്ല സ്മൃതിയിലും ഇത് പറഞ്ഞിട്ടുണ്ട്.
ആശ്രമധര്‍മ്മങ്ങള്‍ അനുസരിക്കാതെ വിദ്യയെ പ്രാപിച്ച സംവര്‍ത്തന്‍ മുതലായവരുടെ കഥകള്‍ സ്മൃതിയില്‍ കാണാം. ഹീനജാതിക്കാര്‍ എന്ന് പറയുന്നവര്‍ക്കും ഈശ്വരഭക്തിയാല്‍ മോക്ഷം ലഭിച്ചിട്ടുണ്ട്.
സൂത്രം – വിശേഷാനുഗ്രഹശ്ച
ഭജനം കൊണ്ട് ഭഗവാന്റെ പ്രത്യേക അനുഗ്രഹത്തിന് പാത്രമാകും.
ഗൃഹസ്ഥാശ്രമധര്‍മ്മം വേണ്ട വിധം ചെയ്യാനാകാതിരുന്ന വിധുരന്‍മാര്‍ക്ക് ജപം, ധ്യാനം, ഉപാസനം തുടങ്ങിയവയുടെ തടസ്സമില്ലാത്ത ഫലങ്ങള്‍ മൂലം വിദ്യയുണ്ടാവാനുള്ള വിശേഷാനുഗ്രഹവും ലഭിക്കും.
മനുസ്മൃതിയില്‍ ‘ജപ്യേനൈവ ……. ബ്രാഹ്മണ ഉച്യതേ ‘ എന്നതില്‍ ജപം കൊണ്ട് തന്നെ ബ്രാഹ്മണ് സിദ്ധിയുണ്ടാകുമെന്ന് പറയുന്നു. മറ്റ് കര്‍മ്മങ്ങള്‍ ചെയ്താലും ഇല്ലെങ്കിലും എല്ലാവരിലും മൈത്രിയുള്ളയാള്‍ ബ്രാഹ്മണനാണ് എന്ന് പറയുന്നുണ്ട്. ഇത് നാമജപം ഭക്തി മുതലായവയുടെ മഹത്ത്വത്തെ കാണിക്കുന്നതാണ്. മുന്‍ ജന്മങ്ങളില്‍ ചെയ്ത പുണ്യകര്‍മ്മങ്ങളുടെ ഫലവും ഈശ്വരാനുഗ്രഹത്താല്‍ അയാള്‍ക്ക് ലഭിക്കുന്നു. ഭഗവദ്ഗീതയില്‍. ‘ അനേക ജന്മസംസിദ്ധ സ്തതോ യാതി പരാംഗതിം ‘ എത്രയോ ജന്മങ്ങളിലൂടെ നേടിയ യോഗ സിദ്ധിയിലൂടെ പരമഗതിയെ പ്രാപിക്കുന്നുവെന്ന് പറയുന്നുണ്ട്.
തപസ്സ്, യോഗം, കര്‍മ്മം തുടങ്ങിയ സാധനകളെ കൊണ്ട് കിട്ടാത്ത ഈശ്വരാനുഗ്രഹം വളരെ വേഗം ഭക്തിയിലൂടെ ലഭിക്കും. ഭക്തര്‍ക്ക് താന്‍ സുലഭനാണെന്ന് ഭഗവാന്‍ ഗീതയില്‍ പറയുന്നുണ്ട്.
സൂത്രം അതസ്ത്വിതരജ്ജ്യായോ ലിംഗാച്ച
നേരത്തെ പറഞ്ഞ കാരണങ്ങളെ കൊണ്ടും ലക്ഷണങ്ങളെ കൊണ്ടും മറ്റ് ധര്‍മ്മങ്ങളേക്കാള്‍ ശേഷ്ഠമാണ് ഭക്തിധര്‍മ്മം
അതിനാല്‍ മറ്റേത് ആശ്രമധര്‍മ്മങ്ങളെ അനുഷ്ഠിച്ചു കൊണ്ടിരിക്കുന്നതാണ് ഒരു ആശ്രമധര്‍മ്മവും അനുഷ്ഠിക്കാത്തതിനേക്കാള്‍ ശ്രേഷ്ഠം. ശ്രുതിയിലും സ്മൃതിയിലും കാണുന തെളിവുകള്‍ ഇതിനെ ഉറപ്പാക്കുന്നു.
ആശ്രമധര്‍മ്മങ്ങള്‍ ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് ഏതെങ്കിലും ആശ്രമത്തിന്റെ ധര്‍മ്മം ചെയ്യുക എന്നത്.
ബൃഹദാരണ്യകത്തില്‍ ‘തേനൈതി ബ്രഹ്മവിത് പുണ്യകൃത് തൈജസശ്ച’ പുണ്യവാനും ശുദ്ധാത്മാവുമായ ബ്രഹ്മജ്ഞാനി ആ ജ്ഞാന മാര്‍ഗ്ഗത്തിലൂടെ ബ്രഹ്മപദത്തെ പ്രാപിക്കും.
‘ അനാശ്രമീന തിഷ്‌ഠേത ദിനമേകമപി ദ്വിജഃ ‘ ബ്രാഹ്മണന്‍ ഒരാശ്രമവുമില്ലാതെ ഒരു ദിവസം പോലും നില്‍ക്കരുത് എന്നും ശ്രുതിയുണ്ട്. ഒരു സംവത്സരം അനാശ്രമിയായിരുന്ന കൃച്ഛ്രം എന്ന വ്രതത്തെ അനുഷ്ഠിക്കണമെന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: