കൊച്ചി: ഫുട്‌ബോള്‍ വാങ്ങാനായി പിരിവിടുന്നതിനായി യോഗം ചേര്‍ന്ന കുട്ടികളെ ഐഎസ്എല്‍ കാണുന്നതിനായി ക്ഷണിച്ചിരിക്കുകയാണ് കേരളത്തിന്റെ ബ്ലാസ്റ്റേഴ്‌സ് ടീം. ചാരിറ്റി പ്രവര്‍ത്തകനായ സുഷാന്ത് നിലമ്പൂരാണ് കുട്ടികൂട്ടത്തിന്റെ ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ശ്രദ്ധ പതിയുകയും കളി കാണാന്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസമാണ് സുശാന്ത് നിലമ്പൂര്‍ സ്വന്തം വീടിനടുത്ത് ഫുട്ബോള്‍ സ്വന്തമാക്കുന്നതിന് വേണ്ടി യോഗം കൂടിയ കുട്ടിതാരങ്ങളുടെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വീഡിയോ കണ്ട് നിരവധി പേര്‍ ഇതിനോടകം തന്നെ കുട്ടികള്‍ക്ക് ഫുട്ബോള്‍ സമ്മാനിക്കാനായി എത്തിയിരുന്നു. നടന്‍ ഉണ്ണിമുകുന്ദനും കുട്ടിസംഘത്തിന് ഫുട്‌ബോളും ജേഴ്‌സിയുമായി എത്തിയിരുന്നു.
ഈ കുട്ടിക്കൂട്ടം തങ്ങള്‍ക്ക് പ്രചോദനമാണെന്ന് വ്യക്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കൊച്ചി കലുരിലെ ഫുട്ബോള്‍ ക്ലബിലേക്ക് ക്ഷണിച്ചു. കുട്ടികള്‍ക്ക് അവര്‍ എന്താണോ സ്വപ്നം കണ്ടതും അര്‍ഹിക്കുന്നതും അത് നല്‍കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. വീഡിയോ പുറത്തുവിട്ട സുശാന്തിനെ കേരള ബ്ലാസ്റ്റേഴ്സ് അഭിനന്ദിക്കുകയും ചെയ്തു.
ഒരു കൂട്ടം കുട്ടികള്‍ മീറ്റിങ് കൂടി ഫുട്‌ബോള്‍ വാങ്ങാനുള്ള പൈസ കണ്ടെത്തുന്നതും, കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചവരെ അഭിനന്ദിക്കുകയുമാണ് ചെയ്തത്. തെങ്ങിന്റെ മടലുകൊണ്ട്, മുകളില്‍ ഒരു കമ്പ് വെച്ച് മൈക്ക് സ്റ്റാന്‍ഡ് ഉണ്ടാക്കി, പ്ലാസ്റ്റിക് കവര്‍ കീറി പൊന്നാടയാക്കിയാണ് കുട്ടിപ്പട്ടാളം മീറ്റിങ് സംഘടിപ്പിച്ചത്. അടുത്ത ഞായറാഴ്‌ച്ച ഓണ്‍ലൈന്‍ ആയി ഫുട്‌ബോള്‍ ഓര്‍ഡര്‍ ചെയ്യുമെന്നും ആ ഒരാഴ്‌ച്ച മിഠായി വാങ്ങാതെ പൈസ എടുത്തവെച്ച് ഫുട്‌ബോള്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നുമാണ് കുട്ടിക്കൂട്ടം മീറ്റിങ് കൂടി തീരുമാനിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ സുഷാന്തിന്റെ അക്കൗണ്ടിലൂടെ മാത്രം 23 ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് കണ്ടത്. മറ്റ് നിരവധി പ്രൊഫൈലുകളിലും പേജുകളിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയെല്ലാം ഹിറ്റാണ്. പഴകാല ഓര്‍മകളിലേക്ക് തങ്ങളെ കൈപിടിച്ച് നടത്തിയ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുന്ന കമന്റുകളാണ് ഈ പോസ്റ്റുകള്‍ക്ക് ലഭിക്കുന്നത്.

















