തിരുവനന്തപുരം: കഴക്കൂട്ടത്ത് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ദളിത് വിദ്യര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കഠിനംകുളം പുതുക്കുറിച്ചി സ്വദേശിയായ നിരഞ്ജനുള്‍പ്പെടെ നാലുപേരെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റു ചെയ്തു. വിദ്യര്‍ഥിനി സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനാണ് കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഠിനംകുളം പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 30നാണ് സംഭവം.
സ്‌കൂളില്‍ എത്തിയ പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഉച്ചയോടെ സ്‌കൂളിന്റെ പ്രധാന കവാടം വഴി കുട്ടി പുറത്തുപോയതായി പോലീസ് കണ്ടെത്തി. എന്നാല്‍, മറ്റു വിവരങ്ങള്‍ ഒന്നും പോലീസിന് ലഭിച്ചില്ല. പിറ്റേ ദിവസം സ്‌റ്റേഷന്‍കടവില്‍ അലഞ്ഞു തിരിഞ്ഞു നടന്ന കുട്ടിയെ പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പീഡനവിവരം പെണ്‍കുട്ടി പോലീസിനോട് പറയുന്നത്. വീട്ടില്‍ പോകുന്നതിനുവേണ്ടി സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ബലമായി പിടിച്ച് കയറ്റി വര്‍ക്കലയില്‍ കൊണ്ടാക്കാം എന്ന് പറഞ്ഞ് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മറ്റു രണ്ടുപേരും കുടിചേര്‍ന്ന് പീഡിപ്പിച്ച ശേഷം പിറ്റേദിവസം വെളുപ്പിന് 5 മണിയോടെ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കഴക്കൂട്ടത്ത് ഇറക്കിവിട്ടു. തുടര്‍ന്ന് പെണ്‍കുട്ടി നടന്ന് സ്റ്റേഷന്‍കടവില്‍ എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. ദളിത് പെണ്‍കുട്ടിക്ക് നേരെയുള്ള അതിക്രമമായതിനാല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി കെ.എ വിദ്യാധരന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
















