നെടുങ്കണ്ടം(ഇടുക്കി): ഔദ്യോഗികവാഹനത്തിന്റെ ടയര്‍ മാറ്റിയത് ചിലര്‍ മനഃപൂര്‍വം വിവാദമാക്കിയെന്ന് മന്ത്രി എം.എം. മണി. തന്റെ വാഹനം സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും വാഹനങ്ങളെക്കാള്‍ കൂടുതല്‍ ഓടുന്നുണ്ട്. അതുകൊണ്ട് ടയറിന്റെ തേയ്‌മാനം സ്വാഭാവികമാണെന്നും ഔദ്യോഗികവാഹനം പറ്റീരാണെന്നും മന്ത്രി പറഞ്ഞു. നെടുങ്കണ്ടത്ത് ഒരു ടയര്‍കട ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഹെറേഞ്ചില്‍നിന്ന് തിരുവനന്തപുരത്തേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വാഹനം ഓടിക്കേണ്ടിവരുന്നു. ദിവസവും കുറഞ്ഞത് നൂറുകിലോമീറ്ററെങ്കിലും ഓടും. അപ്പോള്‍ ടയര്‍ തേയ്‌മാനം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.
ഔദ്യോഗികവാഹനത്തിന്റെ ടയറിന് തീരെ മൈലേജില്ല. സിപിഎം. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ അഞ്ചുലക്ഷം കിലോമീറ്റര്‍ ഓടിയ വാഹനമാണ് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉപയോഗിക്കുന്നത്. ഇപ്പോഴും അതിന് കുഴപ്പമില്ല. എന്നാല്‍ ഔദ്യോഗികവാഹനത്തിന് സ്ഥിരം പ്രശ്‌നങ്ങളാണെന്നും വാഹനയാത്രികര്‍ക്ക് സഹായകമായി ടയര്‍കടകള്‍ സംസ്ഥാനത്തുടനീളം പൊട്ടിമുളയ്‌ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കാറിന്റെ ടയര്‍ മാറ്റിയതില്‍ തനിക്ക് യാതൊരു പങ്കുമില്ല. അത് ടൂറിസം വകുപ്പാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷത്തിനിടെ മന്ത്രിയുടെ മണിയുടെ ഔദ്യോഗിക വാഹനത്തില്‍ 34 ടയറുകളാണ് ഉപയോഗിച്ചതെന്ന് വിവരാവകാശ രേഖയിലൂടെ വെളിപ്പെട്ടിരുന്നു. കൊച്ചി സ്വദേശി എസ് ധനരാജ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്‌ക്കുള്ള മറുപടിയിലാണ് ടൂറിസം വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 10 തവണയായി 34 ടയറുകള്‍ മാറ്റിയെന്നാണ് രേഖ വ്യക്തമാക്കുന്നത്. ഒരു ടയര്‍ നാല്‍പ്പതിനായിരം കിലോമീറ്റര്‍ ഒടുമെന്നിരിക്കെയാണ് മന്ത്രി ഇത്രയും ടയറുകള്‍ മാറ്റിയിരിക്കുന്നത്. ടയറുകള്‍ മാറ്റിയതില്‍ രണ്ടാം സ്ഥാനത്ത് വനം മന്ത്രി കെ. രാജുവിനാണ്, പത്തൊന്‍പതെണ്ണം. സമൂഹമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തിരും. വിഷയം വിവാദമായതോടെയാണ് മന്ത്രിയുടെ പ്രസ്താവന.
















