തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മണികണ്‌ഠേശ്വരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്റെയും ഡിവൈഎഫ്‌ഐയുടെയും ആക്രമണം. നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ബിജു, കണ്ണന്‍, മധു, ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മണികണ്‌ഠേശ്വരം ചീനിക്കോണത്ത് ബിഎംഎസ് സ്ഥാപിച്ച വിശ്രമകേന്ദ്രം തകര്‍ത്തതാണ് പ്രകോപനത്തിന് കാരണമായത് .
ബിജെപി സംസ്ഥാന കാര്യാലയം അടിച്ച് തകര്‍ത്ത കേസിലെ പ്രതിയായ പ്രിജിലിന്റെ നേതൃത്വത്തിലാണ് പുറത്ത് നിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് ആക്രമണം നടത്തിയത്.
വട്ടിയൂര്‍ക്കാവില്‍ വിജയാഹ്ലാദത്തിന്റെ പേരില്‍ സിപിഎം സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്നും, ഉപതെരഞ്ഞെടുപ്പ് വേളയില്‍ പോലും സംഘര്‍ഷം നടന്നിട്ടില്ലാത്ത വട്ടിയൂര്‍ക്കാവിനെ കണ്ണൂരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് പ്രതികരിച്ചു. പോളിടെക്‌നിക്ക് കോളേജിന് മുന്നിലിട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ ബിജുവിനേയും ഉണ്ണികൃഷ്ണനേയും അക്രമിക്കുന്നത് എംഎല്‍എ വി.കെ. പ്രശാന്തിന്റെ സാന്നിദ്ധ്യത്തിലാണ്. പോലീസ് സിപിഎം അക്രമകാരികളെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും സുരേഷ് പറഞ്ഞു.
















