തിരുവനന്തപുരം: എനിക്ക് എന്റേതായ ഇഷ്ടങ്ങളുണ്ടെന്നും അത് മറ്റാര്‍ക്കെങ്കിലും അനിഷ്ടമുണ്ടാക്കേണ്ട കാര്യമില്ലെന്നും എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍. ഞാന്‍ ഇഷ്ടപ്പെടുന്ന ആളോട് എന്റെ ഇഷ്ടം പ്രകടിപ്പിക്കുന്നതിന് എന്റേതായ മാര്‍ഗമുണ്ട്. അത് വേറൊരു ആളുടെ അനിഷ്ടത്തിന് കാരണമാകേണ്ട കാര്യമില്ല. വാളയാര്‍ വിഷയത്തില്‍ രാഷ്‌ട്രീയമല്ല കാണുന്നത്. ഒരു അമ്മയുടെ കണ്ണുനീരാകാമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
ഏറെ ഇഷ്ടമുള്ള വ്യക്തിപരമായ അടുപ്പമുള്ള ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന ആളാണ് കുമ്മനം. അദ്ദേഹം നല്ലൊരു കാര്യം ചെയ്യുമ്പോള്‍ എന്റെതായ രീതിയില്‍ അഭിനന്ദിക്കുക എന്നത് കടമയാണെന്ന് കരുതുന്നു. ഏത് വിഷയത്തിലും ആര്‍ക്കുവേണമെങ്കിലും പ്രതികരിക്കാം. അവരുടെ അവകാശമാണിത്. നട്ടെല്ലോടുകൂടി അഭിപ്രായം പറഞ്ഞല്ലോ എന്ന തരത്തിലും തനിക്ക് പ്രതികരണങ്ങള്‍ ലഭിച്ചു. എല്ലാ പ്രതികരണങ്ങളെയും സമചിത്തതയോടെയാണ് കാണുന്നതെന്ന് ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി ബിജെപി സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്ത് കുമ്മനം രാജശേഖരന് ചുംബനം നല്‍കിയ എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂറുമായി വേദി പങ്കിടില്ലെന്ന് ഇടതു എഴുത്തുകാരി സി.എസ്. ചന്ദ്രിക ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
















