ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഒത്തുകളിയുടെ കേന്ദ്രമായിരുന്നുവെന്നും ആരൊക്കെ എപ്പോള്‍ ഒത്തുകളിക്കുമെന്ന് അറിയാന്‍ കഴിയുമായിരുന്നില്ലെന്നും പാക്ക് മുന്‍ പേസ്‌ബോളര്‍ ശുഐബ് അക്തര്‍. കൂടെയുള്ളവര്‍ പോലും ഒത്തുകളിയുടെ ഭാഗമാണോയെന്ന് അറിയാന്‍ കഴിയില്ല. 2010ലെ ഒത്തുകളി വിവാദത്തെകുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിക്ക മത്സരങ്ങളിലും സ്വന്തം ടീമിലെ 10 പേരെയും എതിര്‍ ടീമിലെ 11 പേരെയും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ആരാണ് ഒത്തുകളിക്കുക എന്നതു പോലും പറയാന്‍ കഴിയില്ല. ഒത്തുകളി നടത്തുന്നത് ഏങ്ങനെയാണെന്നും അതിനായി എന്തൊക്കെ ചെയ്തു എന്നും മുഹമ്മദ് ആസിഫ് എന്നോടു പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് മത്സരത്തില്‍ ആസിഫും മുഹമ്മദ് ആമിറും കൃത്രിമം നടത്തിയെന്നു വ്യക്തമായപ്പോള്‍ ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ അത് നടന്നില്ല. അവരുടെ ഭാവി അവര്‍തന്നെ നശിപ്പിച്ചു. ദേഷ്യം കൂടിയപ്പോള്‍ താന്‍ അന്നു ഭിത്തിയില്‍ ആഞ്ഞിടിക്കുകവരെ ചെയ്തുവെന്നും അക്തര്‍ പറയുന്നു.
2011ല്‍ ഒത്തുകളി ആരാപണം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ താരങ്ങളായ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവര്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ 5 വര്‍ഷത്തെ വിലക്ക് നല്‍കിയിരുന്നു.
















