അഡ്‌ലെയ്ഡ്: ശ്രീലങ്കയുടെ പേസ് ബൗളര്‍ കസുന്‍ രജിത ടി ട്വന്റിയില്‍ ചരിത്രം കുറിച്ചു. ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തതിനുളള നാണക്കേടിന്റെ റെക്കോഡ് രജിത സ്വന്തമാക്കി.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ നാല് ഓവറില്‍ 75 റണ്‍സാണ് രജിത വിട്ടുകൊടുത്തത്. ഇതോടെ ചെക്ക് റിപ്പബ്‌ളിക്കിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 70 റണ്‍സ് വഴങ്ങിയ തുര്‍ക്കി താരം തുഹാനന്‍ തരുണിന്റെ റെക്കോഡാണ് തകര്‍ന്നത്.
രജിതയുടെ ഓവറുകളില്‍ ഏഴ് ഫോറും ആറു സിക്‌സറുകളുമാണ് ഓസീസ് ബാറ്റ്‌സ്മാന്മാര്‍ അടിച്ചുകൂട്ടിയത്. മൂന്നാം ഓവറില്‍ 25 റണ്‍സാണ് രജിത വിട്ടുകൊടുത്തത്. ആദ്യ ഓവറില്‍ പതിനൊന്നും രണ്ടാം ഓവറില്‍ 21 റണ്‍സും വിട്ടുനല്‍കി. നാലാം ഓവറില്‍ 18 റണ്‍സ് വഴങ്ങി.
മത്സരത്തില്‍ ശ്രീലങ്കന്‍ ബൗളര്‍മാരെ അടിച്ചുപരത്തിയ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കുറിച്ചു. മത്സരത്തില്‍ ഓസീസ് 134 റണ്‍സിന് വിജയിച്ചു.
















