മഹാബലിപുരത്തെ സമുദ്രതീരത്തിലൂടെ പ്രഭാതസവാരി നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൈയിലെ സഞ്ചിയില്‍ മാലിന്യങ്ങള്‍ പെറുക്കി നിറയ്ക്കുന്ന കാഴ്ച ഏറെ ചര്‍ച്ചാവിഷയമായിരുന്നു. പ്രഭാതസവാരിയിലൂടെ ശരീരത്തിന്റെ ക്ഷേമവും മാലിന്യശേഖരണം വഴി പ്രകൃതിയുടെ ക്ഷേമവും യാഥാര്‍ത്ഥ്യമാക്കുന്ന ‘പ്ലോഗിങ്ങ്’ എന്ന നവ വ്യായാമ ശൈലിയുടെ ഭാരതത്തിലെ ‘അമ്പാസിഡര്‍’ ആവുകയായിരുന്നു പ്രധാനമന്ത്രി. ആരോഗ്യമെന്നത് കേവലം ശാരീരിക ക്ഷേമം മാത്രമല്ല, മാനസികവും സാമൂഹികവുമായ ക്ഷേമം കുടിയാണെന്ന് ലോകാരോഗ്യ സംഘടന സമഗ്രമായി നിര്‍വ്വചിക്കുന്നുണ്ട്. എങ്കിലും ശാരീരിക ക്ഷേമം തന്നെയാണ് ഇപ്പോഴും ആരോഗ്യമെന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. ആരോഗ്യമുള്ള ജീവിതം യാഥാര്‍ത്ഥ്യമാവാന്‍ രോഗപ്രതിരോധശേഷി ശക്തമാവണം. സമീകൃത ആഹാരവും വ്യായാമങ്ങളും ഈ ലക്ഷ്യം നേടാന്‍ അത്യാവശ്യമാണ്.
ആധുനിക ജീവിതശൈലി, മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഈ മാറ്റം പുതിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ജീവിതശൈലി രോഗങ്ങള്‍ എന്ന പുതിയ അദ്ധ്യായം തന്നെ തുറക്കുകയുമുണ്ടായി ഈ കാലത്ത്. ജീവിതശൈലി രോഗങ്ങള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ആരോഗ്യം തിരിച്ചുപിടിക്കേണ്ട ആവശ്യകത ശക്തമാകുന്നു.
ആരോഗ്യത്തോടെയുള്ള ജീവിതം, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കല്‍ തുടങ്ങിയ അജണ്ട യാഥാര്‍ത്ഥ്യമാക്കാന്‍ മനുഷ്യന് ശാരീരികമായി അദ്ധ്വാനിച്ചേ പറ്റൂ എന്ന അവസ്ഥ വന്നെത്തി. സ്ഥിരമായ വ്യായാമം ആരോഗ്യസമ്പാദനത്തിന് അത്യാവശ്യമാണെന്ന മനുഷ്യന്റെ തിരിച്ചറിവില്‍നിന്നാണ് ജോഗിങ് എന്ന ഓട്ടവും പ്രഭാതസവാരിയും ഉരുത്തിരിയുന്നത്.
പാശ്ചാത്യ രാജ്യങ്ങളിലെ വന്‍ വിജയത്തിനുശേഷം ഇന്ത്യയിലെത്തിയ ജോഗിങ് ആദ്യകാലഘട്ടങ്ങളില്‍ നഗരങ്ങളിലെ വരേണ്യവര്‍ഗ്ഗത്തിന്റെ ‘സ്റ്റാറ്റസ് സിമ്പലി’ല്‍ ഒതുങ്ങിനിന്നെങ്കിലും ക്രമേണ ഗ്രാമങ്ങളിലേക്കും പടര്‍ന്നു. ഇന്ന് ജോഗിങ് സര്‍വ്വസാധാരണമായ വ്യായാമ പദ്ധതിയാണ്.
ജീവിതശൈലിയിലെ മാറ്റം ശാരീരിക അനാരോഗ്യത്തിലേക്ക് മാത്രമല്ല പരിതസ്ഥിതിയുടെ അനാരോഗ്യത്തിനും കാരണമാകുന്നു. പ്ലാസ്റ്റിക്കിന്റെയും പാക്ക്ഡ്ഫുഡിന്റെയും വ്യാപനം, ഭക്ഷണശൈലീ മാറ്റം, മാലിന്യത്തിന്റെ വര്‍ദ്ധനവ്, അത്
നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയാത്ത അവസ്ഥ എന്നിവ പ്രകൃതിയെ ഒരു വലിയ മാലിന്യകൂമ്പാരമാക്കി മാറ്റിയിരിക്കുകയാണ്. ഇത് തടയേണ്ടതായിട്ടുണ്ട്. ഓരോ മനുഷ്യനും മാലിന്യ
നിര്‍മ്മാര്‍ജനം പ്രകൃതിയോടുള്ള തന്റെ കടമയായി കണക്കാക്കണം.
ആരോഗ്യത്തിനുവേണ്ടിയുള്ള നടത്തത്തോടൊപ്പം വഴിയരികിലെ മാലിന്യങ്ങള്‍ പെറുക്കിയെടുക്കുകയും സംസ്കരിക്കുന്ന സ്ഥലത്ത് എത്തിക്കുകയും ചെയ്യുന്ന പ്ലോഗിങ്ങ് എന്ന സംസ്കാരത്തിന്റെ പ്രസക്തി ഇവിടെയാണ്. സ്വീഡനിലാണ് പ്ലോഗിങ്ങ് ജന്മമെടുക്കുന്നത്. സ്വീഡിഷ് ഭാഷയിലെ ‘പ്ലോക്ക അപ്പ്’ എന്ന വാക്കില്‍നിന്നാണ് പ്ലോഗ് എന്ന പദം ജനിക്കുന്നത്. പ്ലോക്ക അപ്പ് എന്നാല്‍ ‘പെറുക്കി എടുക്കുല്‍’ എന്നര്‍ത്ഥം. നടത്ത വ്യായാമത്തോടൊപ്പം വഴിയിലെ മാലിന്യം പെറുക്കിയെടുത്ത് സംസ്കരിക്കുക. 2016ല്‍ ആണ് ഇതിന്റെ തുടക്കം. എറിക് അള്സ്ട്രോം തന്റെ ജോഗിങ് സമയം വഴിയോരത്ത് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നതുകണ്ടു. ആരും അവ നീക്കംചെയ്യാന്‍ മെനക്കെടാതിരുന്നപ്പോള്‍ അദ്ദേഹം അത് സ്വയം നീക്കാന്‍ തയ്യാറായി. ഇവിടെയാണ് പ്ലോഗിങ് എന്ന പ്രസ്ഥാനത്തിന്റെ ആരംഭം. 2018ഓടെ യൂറോപ്പിലെ മറ്റുരാജ്യങ്ങളിലും അമേരിക്കയിലും പ്ലോഗിങ്ങ് ചലനങ്ങള്‍ സൃഷ്ടിച്ചു. ആ രാജ്യങ്ങളിലെ പല ഗ്രൂപ്പുകളും ഈ ശീലം ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. പ്ലോഗിങ്, മലിനീകരിക്കപ്പെട്ട ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന്റെ വേരുകള്‍ ആര്‍ഷഭാരത സംസ്കാരത്തിന്റെ ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആദര്‍ശവുമായി ഒത്തുചേര്‍ന്ന് നില്ക്കുന്നു. തന്റെ ശരീരത്തിന്റെ ക്ഷേമംപോലെതന്നെ വലുതാണ് സമൂഹത്തിന്റെയും പരിസരത്തിന്റെയും ക്ഷേമം എന്ന മഹത്തായ കാഴ്ചപ്പാടിന്റെ ആവിഷ്ക്കാരമാണിത്. മാലിന്യ നിര്‍മ്മാര്‍ജ്ജനം പൗരന്റെ കടമയായി മാറുന്നു പ്ലോഗിങ്ങിലൂടെ.
പരിസര ശുചീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമയാണ്, ഒരു സാധാരണ പൗരനായ തനിക്ക് ഇതിലെന്ത് കാര്യമെന്ന നിസ്സംഗത വെടിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പ്ലോഗിങ്ങ് നമ്മളോട് പറയുന്നു. പ്രകൃതി എന്ന സത്യം ഇവിടെ ജീവിക്കുന്ന ഒരോരുത്തരുടേയും സ്വത്താണ്. അത് നശിക്കുമ്പോള്‍ തന്റെ സ്വന്തം ആലയമാണ് നശിക്കുന്നത് എന്ന ബോധം ഉണരേണ്ടതായിട്ടുണ്ട്. ആര്‍ക്കും കാത്തു
നില്‍ക്കാതെ സ്വന്തം കര്‍മ്മമായി കരുതി, ആരുടെയും അംഗീകാരത്തിന് കാത്തുനില്‍ക്കാതെ പ്രകൃതിയെ ശുചീകരിക്കാന്‍ ഓരോ മനുഷ്യനും മുന്നിട്ടുവരേണ്ടതാണ്.
ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനത്തില്‍ ‘ഫിറ്റ് ഇന്ത്യ പ്ലോഗ്’ എന്ന പരിപാടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്ലോഗിങ്ങിന് ഇന്ത്യയില്‍ നല്ല പ്രചാരണമാണ് കൊടുത്തത്. തന്റെ മന്‍കീബാത്ത് പരിപാടിയിലൂടെ പരിസരശുചിത്വത്തിന്റെ പ്രാധാ
ന്യം മോദി എടുത്തുപറഞ്ഞത് ഓര്‍ക്കണം. ജോഗ് ചെയ്യുന്ന സമയത്ത് വഴിയില്‍ കാണുന്ന മാലിന്യങ്ങള്‍ എടുക്കാന്‍ ശരീരം കുനിക്കണം. അതെടുത്ത് സഞ്ചിക്കകത്ത് നിറക്കുമ്പോള്‍ ശരീരത്തിന് ഒരു ചെറുവ്യായാമത്തിന്റെ ഫലം കിട്ടുന്നു. സാധാരണ ജോഗിങ്ങിനേക്കാള്‍ ഊര്‍ജം ഇതുകാരണം ചിലവാവുകയും ചെയ്യുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ വ്യക്തിയുടേയും സമൂഹത്തിന്റേയും പ്രകൃതിയുടേയും ആരോഗ്യത്തിനുവേണ്ടി നടന്നുകൊണ്ടിരിക്കുന്ന പ്ലോഗിങ്ങ് ഭാരതത്തിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അഭിനന്ദിച്ചേ പറ്റൂ.
പ്ലോഗിങ്ങ് മനുഷ്യന്റെ സ്വാര്‍ത്ഥതയെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഞാന്‍, എന്റേത്, എനിക്ക് മാത്രം എന്ന സ്വാര്‍ത്ഥതയാണ് പ്ലോഗിങ്ങ് ലക്ഷ്യമിടുന്നത്. രാവിലെ എഴുന്നേറ്റ് വീട്ടിലെ മാലിന്യങ്ങള്‍ ഒരു സഞ്ചിയിലാക്കി, പ്രഭാതസവാരി നടത്തുമ്പോള്‍ ഈ മാലിന്യസഞ്ചി അന്യന്റെ പറമ്പിലേക്ക്, ആള്‍താമസമില്ലാത്ത സ്ഥലത്ത്, പരിസരപ്രദേശങ്ങളില്‍, സഞ്ചാരം നടക്കുന്ന റോഡുകളിലേക്ക് യാതൊരു ജാള്യതയുമില്ലാതെ വലിച്ചെറിയുന്ന മാനസികാവസ്ഥയെയാണ് പ്ലോഗിങ്ങ് ചോദ്യം ചെയ്യുന്നത്. ഇത്തരമൊരു മാനസികാവസ്ഥയില്‍നിന്ന്, വലിച്ചെറിയപ്പെട്ട മാലിന്യം സ്വന്തം കൈകൊണ്ട് എടുത്തുമാറ്റി സംസ്കരണത്തിന് സൗകര്യമൊരുക്കുന്ന മാറ്റമാണ് പ്ലോഗിങ്ങ് ലക്ഷ്യമിടുന്നത്. പ്ലോഗിങ്ങ് ‘തന്നെപോലെ തന്റെ അയല്‍ക്കാരനെയും സമൂഹത്തെയും പ്രകൃതിയേയും സ്നേഹിക്കാന്‍’ പഠിപ്പിക്കുന്നു.
എളുപ്പം നേടിയെടുക്കാന്‍ കഴിയില്ല ഈ നിസ്വാര്ത്ഥതയേ. അതിലേക്ക് മാറാന്‍ ഒരു മാനസിക വിപ്ലവംതന്നെ ആവശ്യമാണ്. മോദി തന്റെ പ്രവര്‍ത്തിയിലൂടെ ഈ വിപ്ലവത്തിന്റെ സന്ദേശമാണ് പകര്ന്നുനല്കുന്നത്. ഭാരതത്തിലെ ഋഷിവര്യന്മാര് വികസിപ്പിച്ചെടുത്ത യോഗയെ ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ മുന്‍കൈ എടുത്ത മോദി സ്വീഡനില്‍ ജനിച്ച പ്ലോഗിങ്ങിനെ തന്റെ രാജ്യത്ത് എത്തിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്ന എന്തിനേയും പരിഹസിക്കുന്ന ഒരു സമൂഹം മോദിയുടെ പ്ലോഗിങ്ങിനേയും പരിഹസിക്കാന്‍ മറന്നില്ല. ഇന്ത്യയുടെ നാലതിരുകള്ക്കുള്ളിലിരുന്ന് ഭരണം നടത്തുന്ന ഒരു ‘നൈറ്റ് വാച്ച്മാന്’ പ്രധാനമന്ത്രിയല്ല മോദി. അദ്ദേഹം ഇന്നൊരു വിശ്വപൗരനാണ്, ലോകനേതാവാണ്. അദ്ദേഹം മാനവരാശിയുടെ നന്മക്കുവേണ്ടി നിലകൊള്ളുന്നു. വിമര്‍ശകരെ അര്‍ഹിക്കുന്ന അവജ്ഞയോടെ നമുക്ക് തള്ളാം.
ശരീരത്തിന്റെ ക്ഷേമം, സമൂഹത്തിന്റെ ക്ഷേമം. അതുവഴി മനസ്സിന്റെ ക്ഷേമം. ഇതാണ് പ്ലോഗിങ്ങ് വാഗ്ദാനം ചെയ്യുന്നത്. ഇതുതന്നയല്ലേ ആരോഗ്യത്തിന്റെ നിര്‍വ്വചനവും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: