നീലേശ്വരം: സ്ത്രീ വിവാദത്തില്‍ ഉള്‍പ്പെട്ട സിപിഎം നേതാവിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും നീക്കി. നീലേശ്വരം പേരോല്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗത്തിന്റെ നടപടി വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഈ നടപടി.
സംഭവം പുറത്തറിഞ്ഞ് വിവാദമായതോടെ സിപിഎം നേതാവിനെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമികാംഗത്വത്തില്‍ നിന്നും നീക്കിയത്.
സിപിഎം നിലേശ്വരം ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി സെക്രട്ടറിയുമായ ദിലീഷ്, നഗരസഭാ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ പി. രാധ, ലോക്കല്‍ കമ്മിറ്റിയംഗം ടി. ഗംഗാധരന്‍ എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചാത്തമത്തെ മൂന്ന് ബ്രാഞ്ചുകളിലേയും യോഗംവിളിച്ചാണ് പാര്‍ട്ടിനടപടി വിശദീകരിച്ചത്.
അതേസമയം ഈ നേതാവിനെതിരെ സമാന രീതിയിലുള്ള ആരോപണങ്ങള്‍ ഇതിനുമുമ്പും ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പ്രാഥമികാംഗത്വത്തില്‍ നിന്നും നീക്കാന്‍ തീരുമാനിച്ചത്. അതിനിടെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനൊരുങ്ങുന്ന സമയം ഇയാള്‍ മറ്റൊരു ലോക്കല്‍ കമ്മിറ്റിയംഗം മുഖാന്തരം ലോക്കല്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്.
















