കൊച്ചി : ആഗോള സുറിയാനി സഭയുടെ തലവനായി അംഗീകരിക്കുന്നുണ്ടോയെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്തമാക്കണമെന്ന പാത്രിയര്‍ക്കീസ് ബാവ കത്തിന് പിന്നാലെ യാക്കോബായ -ഓര്‍ത്ത്‌ഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും ഉടലെടുത്തു. സഭയുടെ ഭരണ ഘടനയില്‍ പറയുന്നതില്‍ കൂടുതല്‍ അധികാരം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ പുതിയ പള്ളികള്‍ ഇതിനായി സ്ഥാപിക്കേണ്ടി വരുമെന്ന് ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം അറിയിച്ചിട്ടുണ്ട്.
എന്നാല്‍ പാത്രിയര്‍ക്കീസ് ബാവയെ ആത്മീയ തലവന്‍ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തിയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. ആഗോള സുറിയാനി സഭയുടെ അത്മീയ തലവന്‍ താനാണ്. ഇക്കാര്യം അംഗീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം തയ്യാറാണോയെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ ഓര്‍ത്തഡോക്‌സ് സഭ തലവന് കത്തയച്ചത്.
ഇരു വിഭാഗവും തമ്മില്‍ സമാധാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കത്തെഴുതിയതെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. കത്തെഴുതിയതോടെ ഭീന്നിപ്പ് കൂടുതല്‍ രൂക്ഷമായ അവസ്ഥയിലാണ്. 1934 ലെ ഭരണ ഘടന അനുസരിച്ച് കോടതിയില്‍ പാത്രിയര്‍ക്കീസ് ബാവയെ അംഗീകരിക്കുന്നെന്ന് പറയുകയും പുറത്തിറങ്ങുമ്പോള്‍ മറിച്ചു പറയുകയും ചെയ്യുകയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ചെയ്യുന്നത്.
സമാധാനം ഉണ്ടാകണം എന്ന് ഇരു സഭകളും ആഗ്രഹിക്കുന്നുണ്ട്. അതിനായി വിട്ടു വീഴ്ചക്ക് തയ്യാറാണെന്നും യാക്കോബായ വിഭാഗം അറിയിച്ചു.
അതേസമയം ജനക്കൂട്ടത്തെ കാണിച്ച് സുപ്രീം കോടതി വിധി മറികടക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണെന്നും ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറൊസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി. പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാത്തതിന് എതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി അടുത്ത ദിവസം പരിഗണനക്ക് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാത്രിയര്‍ക്കീസ് ബാവയെ അംഗീകരിച്ചില്ലെങ്കില്‍ ഭരണഘടനയ്‌ക്കു തന്നെ നിലനില്‍പ്പില്ലെന്ന് കോടതിയില്‍ വാദിക്കാനാണ് യാക്കോബായ വിഭാഗം ശ്രമം നടത്തുന്നതെന്നും ആരോപിച്ചു.
















