തൃശൂര്‍: പാവറട്ടിയിൽ കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സസ്പെന്‍ഷനിലായിരുന്ന പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുല്‍ ജബ്ബാര്‍, അനൂപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിധിന്‍ മാധവ് എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
തിരൂർ സ്വദേശി രഞ്ജിത് കുമാറാണ് കസ്റ്റഡിയിൽ മരിച്ചത്. രഞ്ജിത്തിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പന്ത്രണ്ടോളം പാടുകളുണ്ടായിരുന്നു. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. കേസില്‍ ആരോപണ വിധേയരായ മറ്റു മൂന്ന് ഉദ്യോഗസ്ഥര്‍ ഒളിവിലാണ്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.എം സ്മിബിന്‍, എം.ഒ ബെന്നി, മഹേഷ്, എക്‌സൈസ് ഡ്രൈവര്‍ വി. ബി ശ്രീജിത്ത് എന്നിവരാണ് ഒളിവില്‍ പോയിരിക്കുന്നത്.
പ്രതികളായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പോലീസിന് നിയമോപദേശം ലഭിച്ചിരുന്നതിനെ തുടർന്ന് നടപടികള്‍ കര്‍ശനമാക്കിയിരുന്നു. ഗുരുവായൂരിൽ വച്ച് അഞ്ച് ഗ്രാം കഞ്ചാവുമായാണ് രഞ്ജിത്തിനെ എക്സൈസ് പിടികൂടുന്നത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മറ്റൊരിടത്ത് സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവും കണ്ടെത്തി. കൂടുതൽ കഞ്ചാവ് കണ്ടെത്താൻ നടത്തിയ യാത്രയിൽ പലപ്പോഴും രഞ്ജിത്ത് എക്സൈസ് സംഘത്തെ വഴി തിരിച്ചുവിടാൻ ശ്രമിച്ചു. ഇതിൽ കുപിതരായ എക്സൈസ് സംഘത്തിലെ ചിലർ രഞ്ജിത്തിനെ മർദ്ദിക്കുകയായിരുന്നു.
















