ചെറുതോണി : അമിത ചൂടിനെ തുടര്‍ന്ന് ഇടുക്കി ആര്‍ച്ച് അണക്കെട്ടിന് മുകളില്‍ മേല്‍ക്കൂര നിര്‍മിക്കാന്‍ നിര്‍ദ്ദേശം. കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്തെ താപനില ഉയര്‍ന്നതോടെയാണ് അണക്കെട്ടിനു മുകളില്‍ മേല്‍ക്കൂര നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അണക്കെട്ട് കമ്മിഷന്‍ ചെയ്തിട്ട് 40 വര്‍ഷം കഴിഞ്ഞതിനാലാണു പുതിയ നിര്‍ദ്ദേശം.
ഇടുക്കി ജല സംഭരണിയില്‍ ജല നിരപ്പ് 2375 അടിക്കു മുകളില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടുകള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്താന്‍ എത്തിയ ഡാം സുരക്ഷാ വിഭാഗം ചെയര്‍മാന്‍ ജസ്റ്റിസ് ആര്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘമാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച അണക്കെട്ടുകള്‍ക്ക് ചൂടിനെ പ്രതിരോധിക്കാന്‍ ശേഷി ഉണ്ടെങ്കിലും കാലാന്തരത്തില്‍ സുരക്ഷയെ ബാധിക്കാന്‍ ഇടയുണ്ട്. സുരക്ഷിത കവചം ഒരുക്കിയാല്‍ കാലാവസ്ഥാ വ്യതിയാനത്തെയും ചൂടിനെയും പ്രതിരോധിക്കാം. ചൂടിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞ വര്‍ഷം അണക്കെട്ടിന്റെ പ്രതലത്തില്‍ വെള്ള പെയിന്റ് പൂശി. എന്നാല്‍ സംഭരണിക്കുള്ളില്‍ ജല നിരപ്പിന് മുകളിലുള്ള ഭാഗം പെയിന്റ് ചെയ്യാന്‍ സാധിക്കില്ല. അതിനാലാണ് മേല്‍ക്കൂര പണിയാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂന്ന് അണക്കെട്ടുകള്‍ക്കും മേല്‍ക്കൂര വേണമെങ്കിലും ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ആയ ഇടുക്കിക്കാണ് ആദ്യ പരിഗണന. ബാണാസുര സാഗര്‍ അണക്കെട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്. ചെലവു കുറഞ്ഞ രീതിയില്‍ ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനത്തിനാണു ശുപാര്‍ശ നല്‍കുന്നതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
വെള്ളിയാഴ്ച കുളമാവ് അണക്കെട്ട് സന്ദര്‍ശിച്ച ശേഷമാണ് സംഘം ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിച്ചത്. തുലാമഴക്കാലത്ത് കൂടുതല്‍ ജലം എത്തിയാല്‍ സംഭരിക്കുന്നതിനു 3 ഡാമുകളും പൂര്‍ണ സജ്ജമാണെന്നും സംഘം പറഞ്ഞു. ഡാം സുരക്ഷാ വിഭാഗം ചീഫ് എഞ്ചിനീയര്‍ എസ്. സുപ്രിയ, മെക്കാനിക്കല്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ വി.എസ്. ഷാജി, ഡാം സുരക്ഷാ വിഭാഗം ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ.എ. ജോഷി, ഇടുക്കി ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ്. ബാലു എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
















