ന്യൂദല്‍ഹി : രാജ്യത്തിന്റെ വ്യോമാതിര്‍ത്തിക്ക് സംരക്ഷണം നല്‍കാന്‍ ഇനി ആകാശ് മിസൈലുകളും. പ്രതിരോധ വികസന കേന്ദ്രമായ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ചതാണ് ആകാശ് മിസൈലുകള്‍. അതിര്‍ത്തിപ്രദേശങ്ങളിലെ സുരക്ഷയ്‌ക്കായി ഇവ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി 5000 കോടി രൂപയും കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതിയാണ് പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. നിലവില്‍ പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളിലെ സംരക്ഷണത്തിനായാണ് മിസൈലുകള്‍ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യ സ്വന്തമായി നിര്‍മിച്ച മധ്യദൂര കര- വ്യാമ മിസൈലാണ് ആകാശ്. സൂപ്പര്‍സോണിക് വിഭാഗത്തിലുള്ള മിസൈലിന്റെ ലക്ഷ്യപരിധി ഏകദേശം 30 കിലോമീറ്ററാണ്. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറക്ഷല്‍ സിസ്റ്റമാണു പ്രത്യേകത. യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. 2015 ജൂലൈ 10നാണ് ആകാശ് മിസൈല്‍ വ്യോമസേനയുടെ ഭാഗമായത്.
നാഗ്, അഗ്നി, തൃശൂല്‍, പൃഥ്വി എന്നിവയാണു മറ്റു മിസൈലുകള്‍. 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാന്‍ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ കുതിക്കും. 2015 മെയ് 5ന് ആകാശ് കരസേനയുടെയും ഭാഗമായി. ഇന്ത്യയില്‍ നിന്ന് ആകാശ് മിസൈലുകള്‍ വാങ്ങാന്‍ ദക്ഷിണേഷ്യന്‍ രാഷ്‌ട്രങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.
















