ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മിഡീയ അഴിമതിക്കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. നിയമ വിരുദ്ധ പണമിടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സമെന്റിന്റെ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് സുപ്രിം കോടതി തള്ളി. ഇതോടെ ചിദംബരം കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്.
കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം. അതേസമയം ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി ഇന്ന് അവസാനിക്കും. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹത്തെ എന്‍ഫോഴ്സ്മെന്റിന് ഇനി അറസ്റ്റ് ചെയ്യാന്‍ തടസ്സമില്ല.
സുപ്രീം കോടതിയില്‍ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എ.എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 29ന് ചിദംബരത്തിനെതിരെ ഇഡി കേസില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേയ്‌ക്ക് നീട്ടി വയ്‌ക്കുകയായിരുന്നു. അറസ്റ്റില്‍ ഇന്ന് ഇതുവരെ നല്‍കിയ പരിരക്ഷ അവസാനിച്ചതോടെ ചിദംബരം അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായി. നേരത്തെ പ്രായമായതിനാല്‍ തീഹാര്‍ ജയിലിലേക്ക് അയക്കരുത് എന്ന ചിദംബരത്തിന്റെ അഭ്യര്‍ത്ഥന കോടതി പരിഗണിച്ചിരുന്നു. ഇത് പ്രകാരം സിബിഐ കസ്റ്റഡിയില്‍ തുടരാനായിരുന്നു നിര്‍ദ്ദേശം.
ഐഎന്‍എക്സ് മീഡിയ കേസില്‍ ഓഗസ്റ്റ് 21 ന് രാത്രിയാണ് പി.ചിദംബരം അറസ്റ്റിലാകുന്നത്. 15 ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.
















