ന്യൂദല്‍ഹി: ബൈക്കിലെത്തി മാല പൊട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ച മോഷ്ടാക്കളെ സധൈര്യം നേരിട്ട് അമ്മയും മകളും. ദല്‍ഹിയിലെ നാംഗലോയിലാണ് സംഭവം. സംഭവസ്ഥലത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു. മോഷണശ്രമത്തിന്റേയും അമ്മയും മകളും ചേര്‍ന്ന് ബൈക്കില്‍ ഇരുന്ന മോഷ്ടാവിനെ പിടികൂടുന്നതിന്റേയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
സംഭവം ഇങ്ങനെ- റിക്ഷയില്‍ നിന്നിറങ്ങി നിരത്തിലൂടെ നടന്നു പോകുകയായിരുന്നു അമ്മയുടേയും മകളുടേയും പിന്നിലൂടെ ബൈക്കില്‍ എത്തിയ ഹൈല്‍മെറ്റ് ധരിച്ച രണ്ടംഗ സംഘമാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. ബൈക്കില്‍ പിന്നില്‍ ഇരുന്നയാള്‍ അമ്മയുടെ മാല പൊട്ടിച്ച് ബൈക്കില്‍ തിരികെ കയറിയതും അമ്മയും മകളും ചേര്‍ന്ന് ഇയാളെ പിന്നില്‍ നിന്ന് കോളറിലും കൈയിലും കടന്നു പിടിക്കുകയായിരുന്നു. ബാലന്‍സ് തെറ്റി താഴെ ഇറങ്ങിയ മോഷ്ടാവ് അമ്മയേയും മകളേയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇവര്‍ ചെറുത്തുനില്‍ക്കുന്നതിനിടെ തൊട്ടടുത്തു കൂടി നടന്ന പോവുകയായിരുന്നു യുവാവും മോഷ്ടാക്കാളെ നേരിട്ടു. ഇതു കണ്ടു ബൈക്ക് ഓടിച്ചിരുന്ന മോഷ്ടാവ് ഓടി രക്ഷപെട്ടു. പിന്നീട് കാറില്‍ എത്തിയവരും പ്രദേശവാസികളും മോഷ്ടാവിനെ നന്നായി കൈകാര്യം ചെയ്തു. സംഭവം അറിഞ്ഞയുടനെ തന്നെ പോലീസ് പിന്നാലെയെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. അബ്ദുള്‍ ഷംഷദ്, വികാസ് ജെയിന്‍ എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ പക്കല്‍ നിന്ന് മൂന്ന് ബൈക്കുകള്‍, രണ്ട് സ്വര്‍ണമാല, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.
















