ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ചുള്ള സിബിഐയുടെ കോടതിയില്‍ നിലപാടറിയിക്കും. ചിദംബരം പുറത്തിറങ്ങണമെങ്കില്‍ സിബിഐയുടെ നിലപാട് നിര്‍ണ്ണായകമാകും.
കസ്റ്റഡി കാലാവധിയും അവസാനിക്കുന്നതിനാല്‍ ഇടക്കാല ജാമ്യാപേക്ഷ സംബന്ധിച്ച ഹര്‍ജി ദല്‍ഹി റോസ് അവന്യുവിലെ സിബിഐ വിചാരണക്കോടതിയും പരിഗണിക്കുന്നുണ്ട്. ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് കേസി വിചാരണയ്‌ക്ക് എടുക്കുക.
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ പി. ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി പരിഗണിച്ചെങ്കിലും സിബിഐ നിലപാട് അറിയിക്കാത്തതിനാല്‍ ഹര്‍ജി മാറ്റിവെക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിദംബരം ഹര്‍ജി നല്‍കിയത്.
ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്‌ച്ച തന്നെ തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി ഇറക്കിയ ഉത്തരവ്. ജാമ്യം തള്ളുകയാണെങ്കില്‍ ചിദംബരത്തെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടണമെന്നും നിര്‍ദ്ദേശിച്ചു. അതിനെ സിബിഐ ചോദ്യം ചെയ്തതോടെയാണ് കേസ് ഇന്ന് പരിഗണിക്കാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സിബിഐ കോടതിയും ഇന്നത്തേക്ക് മാറ്റിവെയ്‌ക്കുകയായിരുന്നു.
















