ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഏറ്റവും നിര്‍ണായക ഘട്ടം ഐ.എസ്.ആര്‍.ഒ പിന്നിട്ടു. വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ഈ മാസം ഏഴിനാണ് ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്റിങ്. അതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണ വാഹനം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.ചന്ദ്രയാന്‍ 2 ന്റെ അഞ്ചാമത്തെതും അവസാനത്തേതുമായ ഭ്രമണപഥം താഴ്‌ത്തല്‍ കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 52 സെക്കന്‍ഡിലാണ് ചന്ദ്രയാന്‍ പര്യവേഷണം അഞ്ചാം ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലെത്തുന്ന ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ഗവേഷണം നടത്തും.
ഓഗസ്റ്റ് 20നാണ് 29 ദിവസത്തെ സഞ്ചാരത്തിനു ശേഷം ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. സങ്കീര്‍ണമായ ഈ പ്രക്രിയ 30 മിനിറ്റുകള്‍ക്കകമാണ് പൂര്‍ത്തിയാക്കാനായത്. രാവിലെ 9 മണിക്ക് തുടങ്ങിയ നിര്‍ണായക പ്രക്രിയ 1738 സെക്കന്‍ഡിലാണ് പൂര്‍ത്തിയാക്കിയത്. മണിക്കൂറില്‍ 39000 കിലോമീറ്ററോളം വേഗത്തില്‍ സഞ്ചരിച്ചിരുന്ന ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ വേഗം നിയന്ത്രിച്ചാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടത്തിയത്. ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നത്. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.
















