ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69ാം ജന്മദിനമായ സെപ്റ്റംബര്‍ 17 വിപുലമായി ആഘോഷിക്കാന്‍ ബിജെപി തീരുമാനം. സെപ്റ്റംബര്‍ 14 മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സേവ സപ്താഹ് (ജനസേവന വാരം) ആയി ആഘോഷിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. സെപ്റ്റംബര്‍ 14 മുതല്‍ 20 വരെയാണ് ജനസേവന വാരം. ഇതില്‍ മോദിയുടെ ജന്മദിനമായ 17ന് വിപുലമായ ആഘോഷങ്ങളും പാര്‍ട്ടിയുടെ ആലോചനയിലുണ്ട്.
രാഷ്‌ട്രീയ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് ജനസേവനത്തിലൂടെ ലോകനേതാക്കളില്‍ ഒരാളായി മാറിയ മോദിയുടെ ജന്‍മദിനം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് അണികളും. കഴിഞ്ഞ വര്‍ഷം സ്വന്തം മണ്ഡലമായ വാരണാസിയില്‍ വച്ച് ലളിതമായ ആഘോഷങ്ങളോടെയായിരുന്നു ജന്മദിനാഘോഷം. 1950 സെപ്റ്റംബര്‍ പതിനേഴിനു ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായിട്ടായിരുന്നു മോദിയുടെ ജനനം. മെഹ്സാനയിലെ വാദ്നഗറായിരുന്നു മോദിയുടെ ജന്മഭൂമി.
















