ന്യൂദല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ പി.വി. സിന്ധുവിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്ത ട്വീറ്റ് പുതിയ വിവാദത്തില്‍. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ആദ്യമായി സ്വര്‍ണ നേടിയ ഇന്ത്യന്‍ പി.വി. സിന്ധുവിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ അഭിമാനപൂരിതമാക്കി- ഇതായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റ്. എന്നാല്‍, ട്വീറ്റിനു പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. നിങ്ങളുടെ രാജ്യമല്ല, നമ്മളുടെ രാജ്യമെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് നിരവധി മറുപടികളാണ് ട്വീറ്റിനു ലഭിച്ചത്. കോണ്‍ഗ്രസിന്റെ രാജ്യസ്‌നേഹം ട്വീറ്റിലൂടെ വ്യക്തമായെന്നു മറ്റു ചിലര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരുള്ള പാര്‍ട്ടി എങ്ങനെയാണ് നമ്മുടെ രാജ്യത്തെ നിങ്ങളുടെ രാജ്യമെന്നു വിളിക്കുന്നതെന്ന് ആരാഞ്ഞു നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ അല്ലാതെ മറ്റേത് രാജ്യത്താണ് കോണ്‍ഗ്രസ് ഉള്ളതെന്നും മറ്റു ചിലര്‍. കോണ്‍ഗ്രസിനായി ട്വീറ്റ് ചെയ്യുന്നയാള്‍ ഇറ്റലിയില്‍ ആണോ താമസമെന്നു ചോദ്യവും നിരവധി പേര്‍ ഉയര്‍ത്തിയിട്ടുണ്ട്.
















