തിരുവനന്തപുരം: ഓഗസ്റ്റ് 30ന് മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുന്നത് നരേന്ദ്ര മോദി ആയിരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. ന്യൂദല്‍ഹിയില്‍ നിന്നു തത്സമയം ആകും മോദി പരിപാടി ഉദ്ഘാടനം ചെയ്യുകയെന്നായിരുന്നു പ്രഖ്യാപനം. ഇതു ചാനല്‍ പരസ്യമായി പുറത്തുവിടുകയും ചെയ്തു. എന്നാല്‍, ഇതിനു ശേഷം ഈ സോഷ്യല്‍മീഡിയയില്‍ ചാനല്‍ പരിപാടി മോദി ഉദ്ഘാടനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഒരു ക്യാംപെയ്ന്‍ തുടങ്ങിയിരുന്നു.
ചാനല്‍ ബിജെപി നേതാക്കളെ നിരന്തരം വേട്ടയാടിയിട്ടുണ്ടെന്നും ചാനലിലെ ഒരു വാര്‍ത്താ അവതാരക വാ തുറന്നാല്‍ മോദിയെ ആക്ഷേപിക്കുക മാത്രമാണ് ചെയ്യുകയെന്നുമാണ് മോദി ആരാധകരുടെ വിമര്‍ശനം. ദേശീയ തലത്തിലടക്കമുള്ള ബിജെപി നേതാക്കളുടെ സോഷ്യല്‍മീഡിയ പേജുകളില്‍ പരിപാടില്‍ നിന്നു മോദിയെ പിന്‍മാറ്റണമെന്ന അഭ്യര്‍ഥന സജീവമാണ്. ഒപ്പം, ട്വിറ്റര്‍ ട്രെന്‍ഡിങ് പട്ടികയില്‍ അവോയ്ഡ് മനോരമ ഹാഷ് ടാഗും ഇടം പിടിച്ചിട്ടുണ്ട്. മോദിയുടെയും അദ്ദേഹത്തിന്റെ ഓഫിസിന്റേയും ട്വിറ്റര്‍ പേജുകളിലാണ് മോദി ആരാധകരുടെ രോഷപ്രകടനം. ഇതോടെ ബിജെപിയുമായി ബന്ധമുള്ള എല്ലാ ട്വിറ്റര്‍ പേജുകളിലും ഈ ഹാഷ് ടാഗ് വന്‍തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
















