ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കശ്മീരിനെയും ലഡാക്കിനെയും കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കശ്മീരിന്റെ രാജാവായിരുന്ന മഹാരാജാ ഹരി സിങ്ങിന്റെ മകനുമായ കരണ്‍സിങ് രംഗത്ത് വന്നതോടെയാണ് കോണ്‍ഗ്രസ് വെട്ടിലായത്.
കേന്ദ്ര നടപടി സ്വാഗതാര്‍ഹമാണെന്നും 370ാം വകുപ്പ് റദ്ദാക്കി കശ്മീരിനും ലഡാക്കിനും കേന്ദ്രഭരണപ്രദേശ പദവി നല്‍കിയത് അവിടെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ അനുച്ഛേദം 35 എ എടുത്തു മാറ്റിയതിനെയും പിന്തുണയ്‌ക്കുന്നു. ഇത് എല്ലാവര്‍ക്കും സമത്വം ഉറപ്പാക്കും. ലക്ഷക്കണക്കിന് പാക്കിസ്ഥാനി അഭയാര്‍ഥികളെ സ്വതന്ത്രരാക്കും. കശ്മീരിലെ ഗോത്രവര്‍ഗക്കാര്‍ക്ക് സംവരണം ലഭ്യമാകും, അദ്ദേഹം പറഞ്ഞു.
1965ല്‍ തന്നെ സംസ്ഥാന പുനഃസംഘടന താന്‍ ആവശ്യപ്പെട്ടിരുന്നു. ലഡാക്കില്‍ നിയമസഭയില്ലാത്തതിനാല്‍ ലെയുടെയും കാര്‍ഗിലിന്റെയും കൗണ്‍സിലുകള്‍ നിലനില്‍ക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ തീരുമാനം വളരെ നല്ലതാണ്. എന്നാല്‍, ചില പിഴവുളുണ്ട്. അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന് എത്രയും പെട്ടന്നു തന്നെ പൂര്‍ണ സംസ്ഥാന പദവി നല്‍കണം. എന്തു വിലകൊടുത്തും അവിടെ ശാന്തിയും സമാധാനവും നിലനിര്‍ത്തണം, അദ്ദേഹം ആവശ്യപ്പെട്ടു.
















