പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവ് മയക്കുമരുന്നിനടിമയെന്ന് ഭാര്യ ഐശ്വര്യ റായ്. കുടുംബ കോടതിയില്‍ വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് ഐശ്വര്യ ഇക്കാര്യം വ്യക്തമാക്കിയത്.
കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഇക്കാര്യം ഐശ്വര്യ മനസ്സിലാക്കിയത്. ഇയാള്‍ കഞ്ചാവ് ഉപയോഗിക്കും, കൃഷ്ണനെപ്പോലെയും രാധയെപ്പോലെയും വസ്ത്രം ധരിക്കും. പെണ്‍വേഷത്തിനായി പാവാടയും ബ്ലൗസും, വിഗ്ഗും മേയ്‌ക്കപ്പുവരെ ചെയ്യും, ഐശ്വര്യ പറഞ്ഞു. ഇക്കാര്യം തേജിന്റെ അമ്മയെയും സഹോദരിയെയും അറിയിച്ചപ്പോള്‍ അവര്‍ വിശ്വസിച്ചില്ല. തേജ് ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. ബന്ധുക്കളോടും ഇക്കാര്യം പറഞ്ഞപ്പോള്‍ തനിക്ക് അനുകൂലമായ തീരുമാനമുണ്ടായില്ല.
കഞ്ചാവ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ‘മഹാദേവന്റെ അര്‍പ്പണമാണ് കഞ്ചാവ്, എങ്ങനെ വേണ്ടെന്ന് പറയും’ എന്നായിരുന്നു മറുപടി. ‘കൃഷ്ണനെന്നാല്‍ രാധയാണ്, രാധയെന്നാല്‍ കൃഷ്ണനാണ്’ ഇങ്ങനെ നീളുന്നു തേജ്പ്രതാപ് കഞ്ചാവ് ഉപയോഗിച്ചാലുള്ള അവസ്ഥ, ഐശ്വര്യ പറഞ്ഞു. ശാരീരകമായും മാനസികമായും തേജ് ഉപദ്രവിച്ചു. മികച്ച വിദ്യാഭ്യാസമില്ലാത്ത ഭാര്യക്ക് ഭക്ഷണം പാകം ചെയ്യാനും കുട്ടികളെ പോറ്റാനും മാത്രമേ വിധിയുള്ളൂവെന്നും തേജ് പറയും, ഐശ്വര്യ വെളിപ്പെടുത്തി.
ലാലു പ്രസാദിന്റെയും റബ്രി ദേവിയുടെയും മൂത്തമകനാണ് തേജ്പ്രതാപ് യാദവ്. 2018 മേയിലായിരുന്നു തേജിന്റെയും ഐശ്വര്യയുടെയും വിവാഹം. കല്യാണം കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുന്നത്.
















