ന്യൂദല്‍ഹി : ഇന്ത്യ കണ്ട മികച്ച വനിതാ നേതാവിന്റെ വേര്‍പാട് ഏറെ ദുഖത്തോടെയാണ് രാജ്യം ശ്രവിച്ചത്. കേന്ദ്ര മന്ത്രിയായിരിക്കേ ഒട്ടേറെ പേര്‍ക്ക് ആശ്രയവും വാത്സല്യ നിധിയുമായ അമ്മയായിരുന്നു. എന്നാല്‍ സുപ്രീംകോടതി പ്രമുഖ അഭിഭാഷകനും കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി അന്താരാഷ്‌ട്ര കോടതിയില്‍ ഹാജരായ ഹരീഷ് സാല്‍വയ്‌ക്ക് മാത്രം നല്‍കിയ വാഗ്ദാനം പാലിക്കാതെയാണ് അവര്‍ വിടപറഞ്ഞത്.
മരിക്കുന്നതിന് തൊട്ടുമുമ്പ് സുഷമ സ്വരാജുമായി താന്‍ സംസാരിച്ചെന്നും ബുധനാഴ്ച ആറ് മണിക്ക് മുമ്പ് തന്നെ വന്ന് കാണണമെന്നും, കുല്‍ഭൂഷണ്‍ കേസിലെ വിചാരണയ്‌ക്കുള്ള പ്രതിഫലമായ ഒരു രൂപ കൈപ്പറ്റണമെന്നും അവര്‍ ഹരീഷ് സാല്‍വയെ അറിയിച്ചിരുന്നു. ഇത് പാലിക്കാനാകാതെ ചൊവ്വാഴ്ച രാത്രിയോടെ മരണം സുഷമയെ കീഴക്കുകയായിരുന്നു.
‘കഴിഞ്ഞ ദിവസം രാത്രി 8.50ന് ഞാന്‍ അവരോട് സംസാരിച്ചിരുന്നു. വളരെ വൈകാരികമായ ഒരു സംഭാഷണമായിരുന്നു അത്. തന്നെ വന്ന് കാണണമെന്നും കുല്‍ഭൂഷണ്‍ കേസില്‍ ഹാജരായതിന്റെ പ്രതിഫലമായ ഒരു രൂപ നിങ്ങള്‍ക്ക് തരേണ്ടതുണ്ടെന്നും പറഞ്ഞു’. ഇതിന് മറുപടിയുമായി ഞാന്‍ പറഞ്ഞത് ഇങ്ങനെ, തീര്‍ച്ചയായും വരാം, ആ അമൂല്യ പ്രതിഫലം വാങ്ങാന്‍ ഞാന്‍ വരും. ഇന്ന് ആറ് മണിക്കായിരുന്നു വരാന്‍ പറഞ്ഞത്, ഹരീഷ് സാല്‍വെ പറഞ്ഞു.
കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി നെതര്‍ലാന്‍ഡ്‌സിലെ ഹേഗിലുള്ള ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ ഹരീഷ് സാല്‍വെ ഹാജരായത് വെറും ഒരു രൂപ പ്രതിഫലത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇത്രയും കുറഞ്ഞ ഫീസില്‍ ഹാജരാകുന്ന മറ്റേത് വക്കീലുണ്ടെന്നും സുഷമ ട്വീറ്റ് ചെയ്തിരുന്നു.
















