ആ സര്‍ക്കാരില്‍ സുഷമാ സ്വരാജ് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു. പാര്‍ട്ടി വക്താവെന്ന നിലയില്‍ ഏറെ പ്രമുഖയും പ്രശസ്തയുമായിരുന്ന കാലം. വാജ്പേയിയുടെ സര്‍ക്കാര്‍ വീണ്ടും വന്നപ്പോള്‍, 1998 ല്‍, അതേ വകുപ്പും ടെലി കമ്യൂണിക്കേഷന്‍ വകുപ്പും വ്യവസായ വകുപ്പും സുഷമയ്‌ക്കായിരുന്നു. ഈ കാലത്ത് കൈക്കൊണ്ട ചില നയപരമായ തീരുമാനങ്ങള്‍ രാജ്യത്തുണ്ടാക്കിയ ഗുണഫലം ചെറുതല്ല.
സിനിമനിര്‍മാണത്തെ വ്യവസായമായി പ്രഖ്യാപിച്ച നിര്‍ണായക തീരുമാനം സിനിമാലോകത്തെ അധോലോകത്തിന്റെ നിയന്ത്രണത്തില്‍നിന്ന് എന്നന്നേക്കുമായി രക്ഷപ്പെടുത്തുകയായിരുന്നു. സിനിമാ ലോകം എല്ലാ തലത്തിലും അധോലോക ഭീമന്മാരുടെ ധനസഹായത്തിലാണ് ഓടിയിരുന്നത്. സിനിമയ്‌ക്ക്, മറ്റ് വ്യവസായങ്ങള്‍ക്കെന്നപോലെ ബാങ്കു വായ്‌പയും സഹായവും ലഭ്യമായതോടെ കലാവിഷ്‌കാരത്തിനു മേല്‍ നിലനിന്നിരുന്ന അധോലോകനിയന്ത്രണം അവസാനിക്കുകയായിരുന്നു. അതുവരെ നടന്റെയും സംവിധായകന്റെയും നിര്‍മാതാവിന്റെയും എന്നുവേണ്ട ലൈറ്റ് ബോയിയുടെവരെ ആവിഷ്‌കാര സ്വാതന്ത്ര്യവും അവകാശവുമൊക്കെ അധോലോകമാണ് നിയന്ത്രിച്ചിരുന്നത്.
ടെലികോം മന്ത്രിയായിരിക്കെയാണ് ഫോണ്‍വിളികള്‍ക്ക് ഉണ്ടായിരുന്ന പല സാങ്കേതിക പോരായ്‌മകളും നീക്കിയത്. എസ്ടിഡി വിളിയിലൂടെ ‘അമിതസേവനപ്പണം’ ഈടാക്കുന്ന സംവിധാനം മാറ്റി ‘വണ്‍ ഇന്ത്യ’ എന്ന സങ്കല്‍പ്പവും സംവിധാനവും കൊണ്ടുവന്നത് സുഷമയാണ്. മൊബൈല്‍ ഫോണ്‍ വിപ്ലവത്തില്‍, ടെലിവിഷന്‍ സംപ്രേഷണത്തിലെ സാങ്കേതിക നൂലാമാലകള്‍ അഴിച്ചതില്‍, ഇന്ത്യയില്‍നിന്നുതന്നെ സംപ്രേഷണം സാധ്യമാക്കിയതില്‍ അങ്ങനെ പല വിഷയത്തിലും പരിഷ്‌കാരവും പുതുനിയമവും അവതരിപ്പിച്ചു. അതായത്, പാര്‍ട്ടി വക്താവെന്ന നിലയില്‍ പ്രവര്‍ത്തിച്ച് ജനസമ്പര്‍ക്കത്തിന്റെ സാധ്യതയും ആവശ്യകതയും തിരിച്ചറിഞ്ഞ മികച്ച കമ്യൂണിക്കേറ്റര്‍ എല്ലാത്തരം ആശയ വിനിമയ സംവിധാനങ്ങളും ശക്തിപ്പെടുത്തി, സ്വതന്ത്രമാക്കി, ജനകീയമാക്കി. ഭരണാധികാരിയുടെ കാഴ്ചപ്പാടാണ് പ്രധാനമെന്ന് തെളിയിച്ചു.
















