മഹാരാഷ്‌ട്ര: മുംബൈയില്‍ കനത്തമഴ തുടരുന്നു. ശനിയും ഞായറും കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷകര്‍ അറിയിച്ചു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മുംബൈ-ഗോവ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്.റോഡില്‍നിന്ന് മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞരാത്രി മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഗോരേഗാവ്, കാംദിവലി, ദഹിസര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസം കൂടി മുംബൈയില്‍ കനത്തമഴ പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലും കനത്തമഴയ്‌ക്ക് സാധ്യതയുണ്ട്. ജോഗേശ്വരിയിലുണ്ടായ കനത്തമഴയിൽ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴമൂലം സെന്‍ട്രല്‍ റെയില്‍വേയുടെ ട്രെയിനുകള്‍ പതിനഞ്ചു മുതല്‍ 20 മിനുട്ടുവരെ വൈകിയോടുകയാണ്.
പാല്‍ഘര്‍ ജില്ലയിലും കനത്തമഴയെ തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.
















