കൊല്ലം : പാര്‍ട്ടി ലോക്കല്‍കമ്മിറ്റി അംഗത്തിന്റെ അച്ഛനും ബേക്കറി ഉടമയുമായ ആളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഡിവൈഎഫ്‌ഐ അടൂര്‍ മേഖല കമ്മിറ്റി സെക്രട്ടറി ആക്കിയതില്‍ പ്രതിഷേധം. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ മകനും സിപിഎം കടമ്പനാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ റിജോ കെ. ബാബു പാര്‍ട്ടി സംസ്ഥാനകമ്മറ്റിക്കും, ജില്ലാ കമ്മfറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ അടൂര്‍ മേഖലകമ്മിറ്റിയും പരസ്യപ്രതിഷേധത്തിലാണ്.
2013 ജൂണില്‍ ബേക്കറി ഉടമയായ ബാബുവിനെ വീട്ടില്‍ക്കയറി കുത്തികൊലപ്പെടുത്തിയ കേസിലെപ്രതിയെ ആണ് ഡിവൈഎഫ്‌ഐ അടൂര്‍ മേഖലകമ്മിറ്റിയുടെ ആക്ടിങ് സെക്രട്ടറിയാക്കിയതിനെതിരേയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
ഡിവൈഎഫ്‌ഐ അടൂര്‍ മേഖലകമ്മിറ്റിയില്‍ പരസ്യപ്രതിഷേധം ഉയര്‍ന്നതിനൊപ്പം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും നിരവധിപേര്‍ എതിര്‍പ്പുമായി എത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളില്‍ ഒരുസ്ഥാനവും ഇല്ലാതിരുന്ന ആളെ പാര്‍ട്ടി അംഗത്വം നല്‍കിയാണ് പുതിയ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്. ഇതിനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കും, ജില്ലാ കമ്മിറ്റിക്കും ഡിവൈഎഫ്‌ഐക്കും നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല.
കൊലപാതകക്കേസിലെ പ്രതി്ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കിയപ്പോള്‍ ഭവന നിര്‍മാണഫണ്ടിലെ ക്രമക്കേട് ചോദ്യംചെയ്ത ഡിവൈഎഫ്‌ഐ അടൂര്‍ മേഖലാ സെക്രട്ടറി വി. വിനീതിനെ തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ബാബു കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മകനായ റിജോ കെ. ബാബു ഡിവൈഎഫ് ഐ അടൂര്‍ ഏരിയകമ്മിറ്റി അംഗവും കടമ്പനാട് മേഖല സെക്രട്ടറിയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ എസ്എഫ്‌ഐ. ഏരിയകമ്മിറ്റി അംഗമായിരുന്നു കൊലക്കേസിലെ പ്രതി.
















