കാന്‍സാസ് സിറ്റി: ഗ്രൂപ്പ് എഫിലെ അവസാന പോരാട്ടത്തില്‍ ടുണീഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നെതര്‍ലന്‍ഡ്സ് 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടില്‍. റൗണ്ട് ഓഫ് 32-ല്‍ കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോയാണ് ഡച്ചിന്റെ എതിരാളികള്‍. സ്വീഡനെ സമനിലയില്‍ തളച്ച ജപ്പാന്‍ അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായും നാല് പോയിന്റുമായി സ്വീഡന്‍ മികച്ച മൂന്നാം സ്ഥാനക്കാരായും നോക്കൗട്ട് റൗണ്ടിലെത്തി. കളിച്ച മൂന്ന് കളികളും തോറ്റ ടുണീഷ്യ അക്കൗണ്ട് തുറക്കാതെ പുറത്തായി. മൂന്ന് കളികളില്‍ നിന്ന് 12 ഗോളുകള്‍ വഴങ്ങിയപ്പോള്‍ അവര്‍ അടിച്ചത് ആകെ രണ്ടെണ്ണം മാത്രമാണ്.
കളിയുടെ എല്ലാ മേഖലയിലും ഡച്ചിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു. പന്ത് നിയന്ത്രിക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലുമെല്ലാം അവര്‍ ഏറെ മുന്നിട്ടുനിന്നു. തുര്‍ക്കി ഗോളിയുടെ മികച്ച പ്രകടനമാണ് വന്‍ തോല്‍വിയില്‍ നിന്ന് അവരെ രക്ഷിച്ചത്.
ആക്രമണപ്രത്യാക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനിറ്റില്‍ ടുണീഷ്യ ഗോളിനടുത്തെത്തിയെങ്കിലും വലകുലുക്കാനായില്ല. തൊട്ടുപിന്നാലെ നെതര്‍ലര്‍ഡ്സ് മുന്നിലെത്തി. സെല്‍ഫ് ഗോളിന്റെ കരുത്തിലായിരുന്നു ലീഡ്. ഡെന്‍സല്‍ ഡംഫ്രീസ് ബോക്സിന്റെ വലതുഭാഗത്തുനിന്ന് ബോ്ക്സിലേക്ക് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടുണീഷ്യന്‍ നായകന്‍ ഏലിയാസ് സ്ഖീരിയുടെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍ കയറി. ലീഡ് നേടി നാല് മിനിറ്റാകുന്നതിന് മുന്നേ നെതര്‍ലന്‍ഡ്സ് ലീഡ് ഉയര്‍ത്തി. അവര്‍ക്ക് ലഭിച്ച ഫ്രീകിക്കിനൊടുവിലായിരുന്നു ഗോള്‍. ഫ്രീ കിക്കിനൊടുവില്‍ ബോക്സിലേക്ക് വന്ന പന്ത് വിര്‍ജില്‍ വാന്‍ഡൈക്ക് തലകൊണ്ട് ബ്രയാന്‍ ബ്രോബിക്ക് മറിച്ചുനല്‍കി. പന്ത് കിട്ടിയ താരം അനായാസം തുര്‍ക്കി വലയില്‍ പന്തെത്തിച്ചു. രണ്ട് ഗോളിന് പിന്നിലായതോടെ ടുണീഷ്യയും ചില മുന്നേറ്റങ്ങള്‍ നടത്തി. 12-ാം മിനിറ്റില്‍ അനിസ് സ്ലിമാനെയുടെ ഷോട്ട് ഡച്ച് ഗോളി തട്ടിയകറ്റി. ഡച്ച് മുന്നേറ്റം ശക്തമായതോടെ ടുണീഷ്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതേടെ ആദ്യപകുതി 2-0ന് നെതര്‍ലന്‍ഡ്‌സ് മുന്നിട്ടുനിന്നു
രണ്ടാം പകുതി ആരംഭിച്ച് ഒന്‍പതാം മിനിറ്റില്‍ ടുണീഷ്യ ഒരുഗോള്‍ മടക്കി. ഹാനിബാള്‍ മെജ്ബ്രി എടുത്ത കോര്‍ണര്‍ കിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ ഹസീം മസ്തൂരി വലയ്‌ക്കുള്ളിലാക്കുകയായിരുന്നു. അധികം കഴിയും മുന്നേ ഡച്ച് മൂന്നാം ഗോളും നേടി. 62-ാം മിനിറ്റില്‍ ടിജാനി റെയ്ന്‍ഡേഴ്സിന്റെ ക്രോസില്‍നിന്നു ജാന്‍ പോള്‍ വാന്‍ ഹെക്കെയാണ് ഹെഡ്ഡറിലൂടെ ലക്ഷ്യം കണ്ടത്. കളിയുടെ അവസാന മിനിറ്റുകളില്‍ ഡച്ച് ടീമിന് വീണ്ടും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും കൂടുതല്‍ ഗോള്‍ പിറന്നില്ല. ഇതോടെ 3-1ന്റെ വിജയവുമായി ഡച്ച് നോക്കൗട്ടിലേക്ക് മുന്നേറി.
















