ന്യൂദൽഹി: ആർ.കെ.പുരം സെക്ടർ എട്ടിലെ രാമകൃഷ്ണ ബാലഗോകുലം മുതിർന്ന കുട്ടികൾക്ക് വേണ്ടി വ്യക്തി വികാസ ക്ലാസ് നടത്തി. മികച്ച അധ്യാപകർക്കുള്ള എയർ ഇന്ത്യ പുരസ്കാരം, കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണൽഎഡ്യുക്കേഷൻ സമ്മിറ്റ് സെലിബ്രിറ്റി ടീച്ചർ അവാർഡ് എന്നിവ നേടിയ, അധ്യാപകനും, എഴുത്തുകാരനും, പരിസ്ഥിതി പ്രവർത്തകനും, പത്ര പ്രവർത്തകനുമായ അബ്ദുള്ളക്കുട്ടി എടവണ്ണ കുട്ടികൾക്ക് വേണ്ടി ക്ലാസ് നടത്തി.
അതോടൊപ്പം, അമേരിക്കൻ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് നേടി കേരളത്തിൽ നിന്നും ഒരു വർഷം അമേരിക്കയിൽ ഉപരിപഠനം നടത്തിയ ഹെന്ന അബ്ദുള്ളക്കുട്ടി കുട്ടികളുമായി സംവദിച്ചു. വിദ്യാഭ്യാസം അറിവ് നേടാനുള്ള ഒരു ഉപാധി മാത്രമല്ലെന്നും, എനിക്കെന്ന ഭാവം വെടിഞ്ഞു നമുക്കെന്ന ഭാവം ഉൾക്കൊണ്ടു കാര്യങ്ങൾ അപഗ്രഥിച്ചു ഹൃദയത്തിൽ ഉൾക്കൊണ്ടു നേടിയെടുക്കുന്ന അറിവും വിവേകവും നമ്മുടെ ഉയർച്ചക്കൊപ്പം, വീട്ടുകാരുടെയും സമൂഹത്തിന്റെയും നന്മയും ഉയർച്ചയും ഊട്ടി ഉറപ്പിക്കും എന്ന് അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.
ഗ്രാമങ്ങളിൽ ഇന്ന് കൂട്ടായ്‌മകൾ പരസ്പരം കൂട്ടാതിരിക്കാനുള്ള വേദികളാകുമ്പോൾ നഗരങ്ങളിൽ കാണുന്ന മലയാളി സമൂഹത്തിന്റെ ഈ സ്നേഹവും സഹകരണവും കൂടിച്ചേരലും അഭിമാനം നൽകുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതീകമായി അദ്ദേഹം ഒരു തുളസി ചെടി ബാലഗോകുലം രക്ഷാധികാരി ശ്രീമതി വിജയാ സുനിലിന് സമ്മാനിച്ചു. 40 ഓളം കുട്ടികളും മുതിർന്നവരും പങ്കെടുത്ത വ്യക്തി വികാസ ക്ലാസ്സിൽ ശ്രീ K.P.ബാലചന്ദ്രൻ, സുനിൽ കുമാർ, യു.ടി പ്രകാശ് എന്നിവർ സംസാരിച്ചു. ശ്രീ G. കൃഷ്ണൻ നായർ ശ്രീ അബ്ദുള്ളക്കുട്ടിക്കു ഉപഹാരവും നൽകി.
















