ശ്രീനഗര്‍:കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം. കാശ്മീരിലെ രാജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം വെടിയുതിര്‍ത്ത് പാക്കിസ്ഥാന്‍. രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. നൗഷെര സെക്ടറിലെ റൊമാലി ധാരക്ക് സമീപമുള്ള പോസ്റ്റിന്റെ ചുമതലയിലിരുന്ന സൈനികനാണ് പരുക്കേറ്റത്. പ്രകോപനം കൂടാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.
ചെറുതോക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയ പാക് ആക്രമണം പിന്നീട് മോര്‍ട്ടാര്‍ ഷെല്ലിങ്ങിലേക്ക് കടക്കുകയായിരുന്നു. പാക്കിസ്ഥാന്‍ തോക്കുകളെ നിശബ്ദമാക്കാന്‍ സൈന്യം അതേ നാണ്യത്തില്‍ തിരിച്ചടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നരമണിക്കൂര്‍ നീണ്ട വെടിവയ്‌പ്പില്‍ പാക്കിസ്ഥാന്‍ നേരിട്ട നാശനഷ്ടങ്ങള്‍ പുറത്തുവന്നിട്ടില്ല. പരിക്കേറ്റ പട്ടാളക്കാര്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.















