ഹരിയാന : പീഡനക്കേസിലും കൊലപാതക കേസിലും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം പരോള്‍ അപേക്ഷ പിന്‍വലിച്ചു. ഗുര്‍മീത് പരോള്‍ അപേക്ഷ നല്‍കിയത് വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് അപേക്ഷ പിന്‍വലിച്ചത്.
ഹരിയാനയിലെ ജയില്‍ അധികൃതര്‍ തന്നെയാണ് പരോള്‍ അപേക്ഷ പിന്‍വലിച്ച കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പരോള്‍ അപേക്ഷ പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
തന്റെ കൃഷി സ്ഥലത്തു കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്നായിരുന്നു ഗുര്‍മീത് അപേക്ഷയില്‍ പറഞ്ഞിരുന്നത്. ഇതിനായി 42 ദിവസത്തെ പരോളായിരുന്നു ഗുര്‍മീത് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ സുപ്രണ്ട് ജൂണ്‍ 18ന് ജില്ലാ ഭരണകൂടത്തിന് കത്തു നല്‍കുകയും ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
















