ന്യൂദല്‍ഹി: ജമ്മുകശ്മീരിൽ അശാന്തിയുടെ നാളുകൾ ഒഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താഴ്‌വരയിലെ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സർക്കാരിന് ആയിട്ടുണ്ട്. നിലവിൽ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞെന്നും അമിത് ഷാ ലോക്സഭയില്‍ അറിയിച്ചു. കശ്മീരിലെ രാഷ്‌ട്രപതി ഭരണം നീട്ടണമെന്ന് ആവശ്യപ്പെടുന്ന ബിൽ പാർലമെന്റിൽ കൊണ്ടുവരുന്ന സാഹചര്യത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ജൂണിലാണ് കശ്മീരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത്. കശ്മീരിലെ ഭീകരപ്രവർത്തനം അവസാനിപ്പിക്കുന്നതിന് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ കഠിന പ്രയത്നം നടത്തിയിരുന്നു. ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നൽകാനാണ് ഞങ്ങൾ ശ്രമിച്ചത്. മിക്ക പ്രശ്നങ്ങൾക്കും പരിഹാരമായത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണെന്നും അമിത് ഷാ വ്യക്തമാക്കി.
മുൻകാല തെരഞ്ഞെടുപ്പുകളിലടക്കം വലിയ ആക്രമണങ്ങളും രക്തച്ചൊരിച്ചിലുമാണ് കാശ്മീരിൽ ഉണ്ടായത്. ഇപ്പോൾ സ്ഥിതി ശാന്തമാണെന്നും അമിത് ഷാ ആവർത്തിച്ചു.
















