ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ അദ്ധ്യക്ഷന്‍ തന്നെ അപമാനിക്കുന്ന സ്ഥിതിവിശേഷം പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നു. എഐസിസിയുടെ കത്തില്‍ ഒപ്പിടാന്‍ തയ്യാറാകാതെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ അപമാനിച്ചിരിക്കുന്നത്. രാഹുല്‍ തന്റെ വാശി തുടരുന്ന സാഹചര്യത്തില്‍ ചരിത്രത്തിലാദ്യമായി അദ്ധ്യക്ഷന്റെ ഒപ്പില്ലാതെ എഐസിസിക്ക് കത്ത് പുറത്ത് വിടേണ്ടി വന്നു.
പാര്‍ട്ടി ഘടകങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നല്‍കിയ കത്തില്‍ അദ്ധ്യക്ഷന്റെ ഒപ്പുണ്ടായിരുന്നില്ല. ഒപ്പിടില്ലെന്ന രാഹുലിന്റെ വാശിയെ തുടര്‍ന്ന് വേണുഗോപാലാണ് കത്തില്‍ ഒപ്പിട്ടതെന്നാണ് സൂചന. ഔദ്യോഗികമായി പദവികളില്‍ നിന്ന് ഒഴിഞ്ഞിട്ടില്ലെങ്കിലും പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടില്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍. അടുത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആരായിരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അത് തീരുമാനിക്കുന്നത് താനല്ലെന്നും സ്ഥാനത്ത് തുടരില്ലെന്നും രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ അദ്ധ്യക്ഷനായിരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ സംഘടനാ സംവിധാനത്തെ അപമാനിക്കുകയാണെന്നാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്ന വിമര്‍ശനം. അതേസമയം രാഹുലിന്റെ രാജി സന്നദ്ധത പാര്‍ട്ടി അംഗീകരിച്ചിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് വന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് താന്‍ ഒഴിയുന്നതായി രാഹുല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി രാഹുലിന്റെ രാജി വയ്‌ക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും മറ്റും പറഞ്ഞിട്ടും രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇപ്പോഴും രാഹുല്‍. തെരഞ്ഞെടുപ്പില്‍ കനത്ത ആഘാതം നേരിട്ടതാണ് രാഹുലിന്റെ ഈ തീരുമാനത്തിന് കാരണം.
















