ന്യൂദല്‍ഹി: രാജ്യാന്തര യോഗദിനത്തിന് മുന്നോടിയായി രണ്ടാമത്തെ വീഡിയോ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. താടാസന എന്ന യോഗ ചെയ്യുന്നതിന്റെ ആനിമേറ്റഡ് വിഡിയോയാണ് മോദി പങ്ക് വച്ചിരിക്കുന്നത്.
ജൂണ്‍ 21നാണ് അന്താരാഷ്‌ട്ര യോഗ ദിനം. ഇതിന് മുന്നോടിയായാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. താടാസന കൃത്യമായി ചെയ്യുന്ന ഒരു വ്യക്തിക്ക് മറ്റ് ആസനങ്ങളും വളരെ അനായാസമായി ചെയ്യാനാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു. യോഗദിനം 2019 എന്ന ഹാഷ്ടാഗിലാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
2.18 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. നീല ടീ ഷര്‍ട്ടും കറുത്ത ട്രാക്ക് പാന്റുമണിഞ്ഞാണ് ഈ വീഡിയോയില്‍ പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുന്നത്. തടാസന ചെയ്യുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്. ശാരീരികമായും മാനസികമായും ഇത് ഓരോ വ്യക്തിയേയും സഹായിക്കുമെന്ന് ഇതില്‍ പറയുന്നു. ഘട്ടം ഘട്ടമായി കൃത്യമായ വിവരണത്തോടെ തുടക്കക്കാര്‍ക്ക് പോലും വളരെ ലളിതമായി മനസിലാകുന്ന രീതിയിലാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
നേരത്തെ ത്രികോണാസന ചെയ്യുന്നതിന്റെ വീഡിയോ പ്രധാനമന്ത്രി പങ്ക് വച്ചിരുന്നു. ജനങ്ങള്‍ക്ക് പ്രചോദനമാകുന്നതിന് വേണ്ടിയാണ് വീഡിയോയെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ യോഗയുടെ നിരവധി വീഡിയോ ക്ലിപ്പുകള്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്ക് വച്ചിരുന്നു. നരേന്ദ്രമോദി രണ്ടാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ പൊതുപരിപാടിയായിരിക്കും ഇത്.
















