ലണ്ടന്‍: ലോക ഫുട്‌ബോളിലെ എണ്ണം പറഞ്ഞ കളിക്കാരിലൊരാളാണ് ജര്‍മനിയുടെ തോമസ് മുള്ളര്‍. മുന്നേറ്റനിരയിലെ കരുത്തന്‍. പക്ഷെ, ലോകകപ്പ് ക്രിക്കറ്റിനൊപ്പം മുള്ളറുമുണ്ട്, മുള്ളറുടെ മനസ്സുമുണ്ട്. ആ മനസ്സ് ഇന്ത്യയ്‌ക്കൊപ്പം.
ലോക കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് അപ്രതീക്ഷിതമായിരുന്നു മുള്ളറുടെ പിന്തുണ. അപ്രതീക്ഷിത കോണില്‍ നിന്നുള്ള പിന്തുണയില്‍ ഇന്ത്യന്‍ ടീം ആവേശത്തിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടും നായകന്‍ വിരാട് കോഹ്‌ലിയോടുമുള്ള സ്‌നേഹം തുറന്നുപറഞ്ഞ് മുള്ളര്‍ രംഗത്തെത്തി. ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു നില്‍ക്കുന്ന ചിത്രം സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകന്‍ കൂടിയായ കോഹ്‌ലിക്കും സംഘത്തിനും മുള്ളര്‍ പിന്തുണയറിയിച്ചത്.
ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും മുള്ളര്‍ ആശംസ നേര്‍ന്നു. ഇന്ത്യയുടെ നീലനിറത്തിലുള്ള ജഴ്‌സിയണിഞ്ഞ് കൈയില്‍ ഒരു ബാറ്റുമേന്തി നില്‍ക്കുന്ന മുള്ളറിന്റെ ചിത്രമാണ് ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുള്ളത്. ജര്‍മനി ചിയേഴ്‌സ് ഫോര്‍ ഇന്ത്യ എന്ന ഹാഷ്ടാഗും ഇതിനോടൊപ്പമുണ്ട്. 2018ലെ ലോകകപ്പ് ഫുട്‌ബോളിന്റെ സമയത്ത് ജര്‍മന്‍ ജഴ്‌സിയണിഞ്ഞ് കോഹ്‌ലിയും ജര്‍മന്‍ ടീമിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ, വിരാട് കോഹ്‌ലിയെ പുകഴ്‌ത്തി ഇംഗ്ലിഷ് ഫുട്‌ബോള്‍ താരം ഹാരി കെയ്‌നും രംഗത്തെത്തിയിരുന്നു. കുറച്ചു വര്‍ഷങ്ങളായുള്ള ട്വീറ്റുകള്‍ക്കൊടുവില്‍ വിരാടിനെ കണ്ടുമുട്ടിയെന്നും വിരാട് മികച്ചൊരു കായികതാരമാണെന്നായിരുന്നു ഹാരി കെയ്‌ന്റെ ട്വീറ്റ്.
















