ന്യൂദല്‍ഹി: ആരോഗ്യപരമായ കാരണങ്ങളാല്‍ തന്നെ മന്ത്രിസഭയിലേക്ക് പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് അരുണ്‍ ജയ്റ്റ്‌ലി കത്തു നല്‍കി. തന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ഉത്തരവാദിത്തങ്ങളൊന്നും ഏല്‍പ്പിക്കരുതെന്നാണ് ജയ്റ്റ്‌ലി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 18 മാസമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തന്നെ അലട്ടിയിരുന്നുവെന്നും എന്നാല്‍ ഇതില്‍ നിന്നും ഒരു പരിധിവരെ അതിജീവിക്കാന്‍ ഡോക്ടര്‍മാര്‍ സഹായിച്ചുവെന്നും ജയ്റ്റ്‌ലി കത്തിലൂടെ അറിയിച്ചു. അതിനാല്‍ തന്നെ പുതിയ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാക്കണം. ഇത് തനിക്ക് ആരോഗ്യത്തിലും ചികിത്സാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സഹായിക്കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ കീഴില്‍ എന്‍ഡിഎയും ബിജെപിയും നേടിയത് മികച്ച വിജയമാണെന്നും മോദി സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
















