ഫരീദാബാദ് : ഹരിയാനയില്‍ യുവതിയെ സംഘം ചേര്‍ന്ന് പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റ് ചെയ്തു. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ഹര്‍പല്‍, ദിനേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യുവതിയെ സംഘം ചേര്‍ന്ന് പോലീസുകാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കൂടാതെ ഹരിയാന പോലീസിനെതിരെ സംസ്ഥാന വനിതാകമ്മിഷനും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. രണ്ടു ഹെഡ്‌കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും മൂന്നു സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ പിരിച്ചു വിടുകയും ചെയ്തു.
അറസ്റ്റിലായ ഹര്‍പല്‍, ദിനേഷ് എന്നിവരും പൊലീസ് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടവരില്‍ ഉള്‍പ്പെടുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ബാല്‍ദേവ്, രോഹിത്, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, ഹര്‍പല്‍, ദിനേഷ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഫരീദാബാദിലെ ആദര്‍ശ് നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവര്‍.
















