കല്‍പ്പറ്റ: ആശങ്കകള്‍ക്കിടയില്‍ വയനാട്ടില്‍ വീണ്ടും ഭൂമി വിണ്ടുകീറല്‍. കഴിഞ്ഞ ദിവസത്തെ വേനല്‍മഴയോടനുബന്ധിച്ചുണ്ടായ ഇടിമിന്നലില്‍ ഭൂമി വിണ്ടുകീറീയത് വീണ്ടും ആശങ്കകള്‍ക്കിടയാക്കി. മാനന്തവാടി പെരുവകയിലാണ് 40 മീറ്ററോളം ഭൂമി വീണ്ടുകീറിയത്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വടക്കെ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമി വീണ്ടുകീറിയിരുന്നു. ചിലയിടത്ത് രണ്ടായി പിളര്‍ന്നു. ഇതുമൂലം വീടുകള്‍ക്ക് കനത്ത നാശനഷ്്ടങ്ങളുണ്ടായി. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിലാണ് ഇത്തരത്തില്‍ നാശനഷ്ടങ്ങള്‍ കൂടുതലും സംഭവിച്ചത്. പലയിടങ്ങളിലും ഈ പ്രതിഭാസം ആദ്യമായാണ് അനുഭവപ്പെട്ടത്. ഈ സ്ഥലങ്ങളില്‍ പരിശോധന നടത്തിയ ജിയോളജി വകുപ്പില്‍ നിന്നുള്ള വിദഗ്ധസംഘം ഈ സ്ഥലങ്ങളില്‍ താമസിക്കാന്‍ പാടില്ലെന്നും, ഈ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നും റിപ്പോര്‍ട്ട് നല്‍കി.
തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ പെരുവഴിയിലായി. പലരും ബന്ധുവീടുകളിലേക്ക് താമസം മാറി. മറ്റ് ചിലര്‍ വാടക വീടുകളെ ആശ്രയിക്കുകയായിരുന്നു. ഈ സ്ഥലങ്ങള്‍ വാസയോഗ്യമല്ലെഎന്ന റിപ്പോര്‍ട്ട് വന്നതോടെ തങ്ങളുടെ വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായ ഭൂമി വില്‍ക്കാന്‍ പോലും കഴിയാത്ത ദയനീയ അവസ്ഥയിലാണ് ഇവിടത്തുകാര്‍.
















