ബെംഗളൂരു: ഇന്ത്യന്‍ വ്യോമസേന ബെംഗളൂരു ഹെഡ്ക്വാര്‍ട്ടഴ്‌സ് സീനിയര്‍ എയര്‍സ്റ്റാഫ് ഓഫീസറായി മലയാളിയായ എയര്‍മാര്‍ഷല്‍ ടി.ഡി. ജോസഫ് ചുമതലയേറ്റു. 1982 ഡിസംബറില്‍ യുദ്ധവിമാന പൈലറ്റായി വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിച്ച ജോസഫിന് മികച്ച സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ വായുസേന മെഡലും, വിശിഷ്ടസേവാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും 3800 മണിക്കൂര്‍ പറത്തിയിട്ടുള്ള അനുഭവസമ്പത്ത് ഇദ്ദേഹത്തിനുണ്ട്. 1,500 മണിക്കൂറിലധികം അധ്യാപന പരിചയമുള്ള ‘എ’ ക്വാളിഫൈഡ് ഫ്‌ളയിങ് ഇന്‍സ്ട്രക്ടറാണ് ജോസഫ്. പുതിയ ചുമതല ഏല്‍ക്കുന്നതിന് മുന്‍പ് ന്യൂദല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജിലെ സീനിയര്‍ ഫാക്കല്‍റ്റിയായിരുന്നു. വിന്നിങ് ഇന്ത്യ നെക്സ്റ്റ് വാര്‍-റോള്‍ ഓഫ് എയര്‍ഫോഴ്‌സ് പവര്‍ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. കോട്ടയം അയര്‍ക്കുന്നം പുലിക്കുന്നേല്‍ കുടുംബാംഗമാണ്. ഭാര്യ: സോഫി. മക്കള്‍: അഭിഷേക്, ഇവാന്‍.
















