പ്യോങ്‌യാങ്ങ് : ഉത്തരകൊറിയ ഇന്നലെ കിഴക്കൻ തീരത്ത് നിന്ന് കടലിലേക്ക് ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
ഒരു മാസത്തിനുള്ളിൽ പ്യോങ്‌യാങ്ങിന്റെ നാലാമത്തെ വിക്ഷേപണമാണിത്. സിയോളിന്റെ സമീപകാല ഹൈപ്പർസോണിക് മിസൈൽ പരീക്ഷണത്തിന് ശേഷമാണ് കിം ജോങ് വീണ്ടും തങ്ങളുടെ ശക്തി തെളിയിച്ചത്.
വ്യത്യസ്ത തരം ബാലിസ്റ്റിക് മിസൈലുകൾ പ്യോങ്‌യാങ്ങിന് സമീപം നിന്ന് പ്രാദേശിക സമയം രാവിലെ 9:20 ഓടെയാണ് വിക്ഷേപിച്ചത്. മിസൈലുകൾ 900 കിലോമീറ്ററിലധികം പറന്നതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പറയുന്നു.
തുടർന്ന് ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ ഓഫീസ് അടിയന്തര യോഗം വിളിച്ചുചേർത്തു. മിസൈൽ വിക്ഷേപണങ്ങളെ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണെന്ന് അപലപിക്കുകയും ഉടൻ പരീക്ഷണം വിക്ഷേപണം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.
പ്യോങ്‌യാങ്ങിന്റെ ആണവായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും വികസനം തടയുക എന്ന ലക്ഷ്യത്തോടെ 2006 മുതൽ ഉത്തരകൊറിയ യുഎൻ ഉപരോധങ്ങൾക്ക് വിധേയമാണ്. കൂടാതെ സമീപ ആഴ്ചകളിൽ ഇരു കൊറിയകളും തമ്മിൽ സംഘർഷം വർദ്ധിച്ചുവരുന്ന സമയത്താണ് ഏറ്റവും പുതിയ വിക്ഷേപണങ്ങൾ.
















