ന്യൂദല്‍ഹി: പരിചയസമ്പത്തും യുവത്വവും ഇടകലര്‍ന്ന ടീമാണ് ദല്‍ഹിയുടേതെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് ഉപദേശകന്‍ സൗരവ് ഗാംഗുലി. ദല്‍ഹി യുവടീമാണെന്ന വാദത്തോട് താന്‍ യോജിക്കില്ല. പരിചയസമ്പന്നരായ അനവധി താരങ്ങള്‍ ടീമിലുണ്ട്.
ഋഷഭ് പന്ത്, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കൊപ്പം ശിഖര്‍ ധവാനും എത്തുമ്പോള്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിക്കും. ധവാന്റെ ഫോം ടീമിന്റെ വിജയങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു. തോല്‍വികളില്‍ പതറാതെ മുന്നോട്ടുപോയതാണ് കഴിഞ്ഞ മത്സരങ്ങളില്‍ ഗുണമായത്.
ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കഗീസോ റബദക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. റബദയെയും ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെയും പുകഴ്‌ത്തിയ ഗാംഗുലി അക്‌സര്‍ ഇന്ത്യയിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണെന്നും പറഞ്ഞു.
















